യുവാവ് കുത്തേറ്റ് മരിച്ചു; ബന്ധു പിടിയിൽ
ചിറ്റൂർ: ബന്ധുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. പൊൽപ്പുള്ളി പതി സ്വദേശി ശരത് (35) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സംഭവത്തിൽ വേർകോലി സ്വദേശി പ്രമോദ് പൊലീസ് പിടിയിലായി. പൊൽപ്പുള്ളി കെ.വി.എം സ്‌കൂളിന് മുന്നിൽ വച്ചാണ് സംഭവം. പ്രമോദിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് കൊല്ലപ്പെട്ട ശരത്. പ്രമോദും ഭാര്യയുമായി വർഷങ്ങളായി അകന്നു കഴിയുകയായിരുന്നു. ഇവരുടെ ഏക മകൻ അമ്മക്കൊപ്പം ആയിരുന്നു താമസം. സ്‌കൂളിൽ സ്‌പെഷ്യൽ ക്ലാസ് കഴിഞ്ഞ് കുട്ടിയെ വിളിക്കാൻ എത്തിയ ശരത്തും സ്‌കൂളിൽ കെട്ടിട നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരുന്ന പ്രമോദും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും തുടർന്ന് കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് ശരത്തിന്റെ കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ശരതിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഏഴുമണിയോടെ മരിച്ചു.