ജനുവരി 20ന് പ്രാദേശിക അവധി; സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും അടഞ്ഞ് കിടക്കും
ആലപ്പുഴ: ജനുവരി 20ന് കേരളത്തിലെ രണ്ട് താലൂക്കുകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. അര്‍ത്തുങ്കല്‍ പള്ളിയിലെ പെരുന്നാള്‍ പ്രമാണിച്ചാണ് അവധി പ്രഖ്യാപനം.
അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ 2026ലെ തിരുനാള്‍ ദിനമായ ജനുവരി 20ന് ചൊവ്വാഴ്ച ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ചുകൊണ്ടാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. അതേസമയം, പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടത്തുന്നതായിരിക്കും.
അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ 380-ാമത് മകരം തിരുനാളിന് ജനുവരി 10ന് തുടക്കമായി. തിരുക്കര്‍മങ്ങള്‍ക്ക് ആലപ്പുഴ രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. 17 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ജനുവരി 27ന് സമാപിക്കും.