സി-ടെറ്റുള്ളവർക്ക് കെ-ടെറ്റ് വേണ്ട
തിരുവനന്തപുരം: സ്കൂൾ അദ്ധ്യാപക നിയമനത്തിനായി കെ-ടെറ്റ് നിർബന്ധമാക്കിയെങ്കിലും കേന്ദ്ര അദ്ധ്യാപക യോഗ്യതാ പരീക്ഷ (സി-ടെറ്റ്) വിജയിച്ചവർക്ക് ഇളവ് തുടരും. ഭിന്നശേഷി വിഭാഗ നിയമനങ്ങളിലും നേരിട്ടുള്ള നിയമനങ്ങളിലും ആനുകൂല്യം ലഭിക്കും. എന്നാൽ പി.എച്ച്.ഡി, എം.ഫിൽ തുടങ്ങി ഉന്നത യോഗ്യതയുള്ളവരുടെ നിയമന ഇളവുകൾ സംബന്ധിച്ച് സർക്കാർ ഉത്തരവിൽ പരാമർശമില്ല.
സി-ടെറ്റ് പ്രൈമറി സ്റ്റേജ് വിജയിച്ചിട്ടുള്ള ഉദ്യോഗാർത്ഥികളെ കെ-ടെറ്റ് കാറ്റഗറി -1 വിജയിച്ചവരായി പരിഗണിക്കും. എൽ.പി അദ്ധ്യാപക നിയമനത്തിന് അർഹരായിരിക്കും. സി-ടെറ്റ് എലിമെന്ററി സ്റ്റേജ് യോഗ്യത നേടിയവരെ കെ-ടെറ്റ് കാറ്റഗറി 2 പരീക്ഷയിൽ നിന്ന് ഒഴിവാക്കി. ഇവർക്ക് അപ്പർ പ്രൈമറി തസ്തികകളിലേക്ക് അപേക്ഷിക്കാൻ കെ-ടെറ്റ് ആവശ്യമില്ല
കെ-ടെറ്റ് യോഗ്യത സംബന്ധിച്ച് സുപ്രീംകോടതി 2025 സെപ്റ്റംബർ ഒന്നിന് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ. ഭിന്നശേഷിക്കാർക്കും കെ-ടെറ്റ് ബാധകമാക്കുന്നതിൽ വ്യക്തത വന്നതോടെ ജില്ലാതല സമിതികൾ മുഖേനയുള്ള അദ്ധ്യാപക നിയമനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനാകും. എങ്കിലും, ഈ മാർഗനിർദേശങ്ങൾ സുപ്രീം കോടതിയിൽ സർക്കാർ ഫയൽ ചെയ്തിട്ടുള്ള റിവ്യൂ ഹർജിയിലെ തീരുമാനത്തിന് വിധേയമായിരിക്കും.
സി-ടെറ്റ്
കേന്ദ്രത്തിന്റെ കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ തുടങ്ങിയവയിൽ 1 മുതൽ 8 വരെ ക്ലാസുകളിൽ അദ്ധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷ. സി.ബി.എസ്.ഇ ആണ് പരീക്ഷ നടത്തുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ അംഗീകൃത സ്വകാര്യ സ്കൂളുകളിലെയും അദ്ധ്യാപക നിയമനങ്ങൾക്ക് സി-ടെറ്റ് അത്യന്താപേക്ഷിതം.