വാഹനങ്ങൾക്ക് കൂട്ടപ്പി​ഴ, പൊലീസി​നെതി​രെ പരാതി​

Thursday 15 January 2026 12:41 AM IST

കൊല്ലം: ദേശീയപാതയുടെ സമീപത്തെ മരണവീടുകളിൽ വന്നവരുടെ വാഹനങ്ങൾക്ക് പൊലീസ് കൂട്ടത്തോടെ പിഴ ചുമത്തിയെന്ന് പരാതി. ചാത്തന്നൂർ ഊറാംവിള ഗാന്ധി സ്മാരകത്തിന് സമീപത്തുള്ള മരണവീടുകളിൽ വന്നവരുടെ വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്.

ദൂരെ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ എത്തിയവർ തിരക്കില്ലാത്ത സർവീസ് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം സമീപത്തെ മരണ വീടുകളിലേക്ക് പോയിരുന്നു. ഇവിടെ വാഹനം പാർക്ക് ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. പ്രധാന ആറുവരി പാതയിലൂടെ ഗതാഗതം ആരംഭിച്ചതിനാൽ സർവീസ് റോഡ് വിജനമാണ്. ഇവിടെ നിറുത്തിയ ശേഷം മരണവീട്ടിൽ പോയവർക്കാണ് പിഴ കിട്ടിയത്. ചാത്തന്നൂർ ജംഗ്ഷനിലും പരിസരങ്ങളിലും സർവ്വീസ് റോഡിന് സമീപം വാഹനം നിറുത്തുന്നവർക്ക് വ്യാപകമായി​ പി​ഴ ചുമത്തുന്നുണ്ട്. ഇവിടെ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. സർവീസ് റോഡിന് സമീപം പാർക്ക് ചെയ്ത ശേഷം കടയിൽ കയറി സാധനം വാങ്ങി വരുമ്പോഴേക്കും പിഴ ചുമത്തുന്നതും പതി​വാണ്.