റിപബ്ലിക് ദിനാഘോഷം: പ്ലാസ്റ്റിക്കിന് നിരോധനം

Thursday 15 January 2026 12:43 AM IST

കൊല്ലം: ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷം 26ന് ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കാൻ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പൂർണമായും ഹരിതചട്ടം ഉറപ്പാക്കും. പ്ലാസ്റ്റിക് നിർമിത ദേശീയപതാകകളുടെ ഉത്പാദനവും വിതരണവും വില്‍പനയും പ്രദർശനവും നിരോധിച്ചു. കടകളിൽ പ്ലാസ്റ്റിക് പതാകകൾ ഒഴിവാക്കണമെന്ന് നിർദേശം നൽകി.പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, അഗ്നിരക്ഷാസേന, സ്റ്റുഡന്റ് പൊലീസ്, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ് തുടങ്ങിയ വിഭാഗങ്ങളുടെ പ്ലറ്റൂണുകൾ പരേഡിൽ അണിനിരക്കും. സ്‌കൂളുകളിൽ നിന്നുള്ള ബാൻഡ് ട്രൂപ്പുകളും ഉണ്ടാകും. പരേഡ് പരിശീലനം 22നും 23നും വൈകിട്ട് മൂന്നിനും ഡ്രസ് റിഹേഴ്സൽ 24ന് രാവിലെ 7.30നും നടത്തും. പരേഡിൽ പങ്കെടുക്കുന്നവർക്ക് യാത്രാസൗകര്യം ഒരുക്കും. വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭ്യമാക്കുന്നതിന് ആർ.ടി.ഒയ്ക്കാണ് ചുമതല. കുടിവെള്ളലഭ്യത ഉറപ്പാക്കും.