വിവാഹങ്ങളില്‍ നിന്ന് കുറച്ച് കാലത്തേക്ക് ഇത് അപ്രത്യക്ഷമാകുമോ, നല്‍കേണ്ടത് 'സ്വര്‍ണത്തേക്കാള്‍ വില'

Thursday 15 January 2026 12:46 AM IST

കല്ലറ: ഇനി തത്കാലം കുറച്ചു നാളത്തേയ്ക്ക് കല്യാണപ്പെണ്ണ് മുല്ലപ്പൂ ചൂടണ്ട, കാരണം... മുല്ലപ്പൂ കിട്ടാനില്ല, കിട്ടിയാല്‍ത്തന്നെ പൊന്നിന്‍ വില നല്‍കണം.നിലവില്‍ കിലോയ്ക്ക് 5000 രൂപയും കടന്ന് കുതിക്കുകയാണ്.കഴിഞ്ഞ ദിവസം 5000 രൂപയ്ക്കാണ് മുല്ലപ്പൂ വിറ്റുപോയത്.

തമിഴ്നാട്ടിലെ കനത്ത മഴയും കേരളത്തില്‍ നേരത്തെ തുടങ്ങിയ മഞ്ഞുവീഴ്ചയും മുല്ലപ്പൂ കൃഷിയില്‍ വ്യാപക നാശമുണ്ടാക്കിയതോടെയാണ്,ഡിസംബര്‍ ആദ്യവാരം മുതല്‍ വില കുത്തനെ ഉയര്‍ന്നത്.സാധാരണ ഡിസംബര്‍ പകുതിയോടെ കാണാറുള്ള മഞ്ഞുവീഴ്ച,നവംബര്‍ ആദ്യവാരം തന്നെയെത്തിയത് ഉത്പാദനത്തെ ബാധിച്ചെന്നും കര്‍ഷകര്‍ പറയുന്നു.

ചൂടുള്ള കാലാവസ്ഥയിലാണ് മുല്ലപ്പൂ തഴച്ചുവളരുന്നത്. മഞ്ഞുവീഴ്ചയില്‍ പൂവ് മൊട്ടിടുന്നത് കുറയും.കനത്ത മഞ്ഞിലും ഇടമഴയിലും പൂക്കള്‍ ചീഞ്ഞതും തിരിച്ചടിയായി.രാത്രിയിലെ മഞ്ഞും പകല്‍ സമയത്തെ കനത്ത വെയിലും പൂക്കള്‍ക്ക് ദോഷമായി. വിവാഹ സീസണായതും വില വര്‍ദ്ധനവിന് കാരണമായെന്ന് കച്ചവടക്കാര്‍ പറയുന്നു.

ആശ്രയം അന്യസംസ്ഥാനത്തെ

തമിഴ്നാട്ടിലെ ദിണ്ടിഗല്‍,നിലക്കോട്ട,ഒട്ടംചത്തിരം,പഴനി,ആയക്കുടി,വത്തലഗുണ്ട്,സത്യമംഗലം, കോയമ്പത്തൂര്‍,നരക്കോട്ട എന്നിവിടങ്ങളിലാണ് മുല്ലപ്പൂ കൃഷി വ്യാപകമായിട്ടുള്ളത്.മധുര,ശങ്കരന്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് മുല്ലപ്പൂവ് എത്തുന്നത്. പാലക്കാട്ടെ അതിര്‍ത്തി പഞ്ചായത്തായ വടകരപ്പതിയിലടക്കം കേരളത്തിന്റെ അതിര്‍ത്തി പ്രാദേശങ്ങളില്‍ മുല്ലപ്പൂക്കൃഷിയുണ്ടെങ്കിലും അവയെല്ലാം കോയമ്പത്തൂര്‍,തോവാള എന്നിവിടങ്ങളിലെ മൊത്തവില്പന മാര്‍ക്കറ്റുകളിലെത്തിയ ശേഷമാണ് കേരളത്തിലെത്തുന്നത്.