കളക്ടർക്ക് കത്ത് നൽകി കമ്മിഷണർ... അപകട സാദ്ധ്യതയാണ് ആർ.ഇ വാൾ തള്ളൽ
കൊല്ലം: ചാത്തന്നൂർ, കൊട്ടിയം എന്നിവിടങ്ങളിലെ മൺമതിൽ ഉയരപ്പാതയുടെ ആർ.ഇ വാൾ പാനലുകൾ തള്ളി നിൽക്കുന്നത് വൻ അപകട സാദ്ധ്യത സൃഷ്ടിക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ കളക്ടർക്ക് കത്ത് നൽകി. സാങ്കേതിക വിദഗ്ദ്ധരെക്കൊണ്ട് പ്രശ്നങ്ങളുള്ള ഭാഗങ്ങൾ പരിശോധിപ്പിക്കണമെന്ന് ചിത്രങ്ങൾ സഹിതം കമ്മിഷണർ നൽകിയ കത്തിൽ പറയുന്നു.
ചാത്തന്നൂർ ജി.എച്ച്.എസിന് സമീപം ആർ.ഇ വാൾ പാനലുകൾ തള്ളിയിട്ടുള്ളതിന് പുറമേ മുകൾ ഭാഗത്ത് വിള്ളലുമുണ്ട്. ഇക്കാര്യം കരാർ കമ്പനിയേയും പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യുട്ടീവ് എൻജിനിയറെയും അറിയിച്ചതായി കത്തിൽ പറയുന്നു. തള്ളി നിൽക്കുന്ന പാനലുകൾ ഏത് സമയവും നിലംപതിച്ച് വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാരെയും സമീപത്തുള്ള സ്ഥാപനങ്ങളെയും അപകടത്തിലാക്കാം. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ അപകടമുണ്ടായാൽ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകും. കൊട്ടിയം ജംഗ്ഷനിൽ ചന്തയ്ക്ക് സമീപം അടക്കം പലയിടങ്ങളിലും, പട്ടര് മുക്കിലും ആർ. ഇ പാനലുകൾ അപകടാവസ്ഥയിലാണെന്ന് എസ്.എച്ച്.ഒ നൽകിയ റിപ്പോർട്ട് കമ്മിഷണർ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നാട്ടുകാർ ആർ.ഇ പാനലുകളിലെ പൊട്ടലും തള്ളലും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കരാർ കമ്പനി ഈ പാനലുകൾ രാത്രികാലങ്ങളിൽ ജെ.സി.ബി ഉപയോഗിച്ച് അകത്തേക്ക് തള്ളി ഉറപ്പിക്കുന്നതാണ് പതിവ്. പൊട്ടലുള്ള ഭാഗങ്ങൾ സിമന്റ് തേച്ച് മറയ്ക്കുന്നുമുണ്ട്. നേരിയ തോതിൽ തള്ളിയിരിക്കുന്ന ആർ.ഇ പാനലുകൾ അപകടഭീഷണി സൃഷ്ടിക്കുന്നില്ലെന്നാണ് ദേശീയപാത അതോറിട്ടി അധികൃതരുടെ വിശദീകരണം.