അഭിഭാഷക കമ്മിഷന് അസഭ്യവർഷം: ജി.എസ്.ടി അസി. കമ്മിഷണർക്കെതിരെ പൊലീസ് കേസ്
കൊച്ചി: തൃശൂർ കുടുംബക്കോടതിയുടെ ഉത്തരവുപ്രകാരം കൊച്ചിയിലെ ഫ്ലാറ്റിലെ സ്ഥാവരജംഗമ വസ്തുക്കൾ പരിശോധിക്കാനെത്തിയ അഭിഭാഷക കമ്മിഷന് നേരെ അസഭ്യവർഷം. സംഭവത്തിൽ ഫ്ലാറ്റിലെ താമസക്കാരനായ സ്റ്റേറ്റ് ജി.എസ്.ടി അസി. കമ്മിഷണർ കോട്ടയം കുമരകം സ്വദേശി ബാലഗോപാലിനെതിരെ സെൻട്രൽ പൊലീസ് കേസെടുത്തു. അഭിഭാഷക കമ്മിഷണറുടെ പരാതിയിലാണ് നടപടി. സ്ത്രീയെ അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
പൊലീസ് സുരക്ഷയിൽ ഫ്ലാറ്റ് പരിശോധിക്കാനെത്തിയ കമ്മിഷൻ, കോടതി ഉത്തരവ് കാണിച്ചെങ്കിലും വീടിനുള്ളിലേക്ക് കടത്തിവിട്ടില്ല. പ്രായമായ മാതാവിനെ ഇയാൾ വാതിലിൽ തടസംനിറുത്തി. പൊലീസ് വിവരം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി, വനിതാ പൊലീസിനെ കൂടി സുരക്ഷാസംഘത്തിലേക്ക് നിയോഗിച്ചു. ഇവർ എത്തി തടസംനിന്ന മാതാവിനെ മാറ്റാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിടിച്ചുമാറ്റാൻ ശ്രമിച്ചതോടെ അസി. കമ്മിഷണർ അസഭ്യം പറയാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വീട്ടിലേക്ക് പ്രവേശിച്ച കമ്മിഷന് നേരെ ഇയാൾ തിരിഞ്ഞു.
''കേട്ടാൽ അറയ്ക്കുന്ന ഭാഷയിലായിരുന്നു കമ്മിഷനെ അസഭ്യം പറഞ്ഞത്. ഞാനടക്കമുള്ള പൊലീസുകാരെ കൈയേറ്റം ചെയ്തു. കമ്മിഷണർ ഭയന്നുവിറച്ചാണ് ഡ്യൂട്ടി ഭാഗികമായി പൂർത്തിയാക്കിയത്. മൂന്ന് മുറികളാണ് വീടിനുള്ളത്. ഇവയെല്ലാം അടച്ചുപൂട്ടിയ നിലയിലായിരുന്നു. അതിനാൽ കമ്മിഷന് മടങ്ങേണ്ടിവന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പൊലീസിന് നേരെ ഉയർത്തിയത്,"" സുരക്ഷാ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ അമ്മാവന്റെ പേരിലുള്ള അപ്പാർട്ട്‌മെന്റിലാണ് അസി. കമ്മിഷണർ താമസിക്കുന്നത്. കാനഡയിൽ കഴിയുന്ന അമ്മാവനും ഭാര്യയും തമ്മിലുള്ള വിവാഹമോചന നടപടികൾ അവിടെ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അമ്മാവന്റെ ഭാര്യ തൃശൂർ കുടുംബക്കോടതിയിലും ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ചാണ് കോടതി ഫ്‌ളാറ്റ് പരിശോധിച്ച് വിവരങ്ങൾ സമർപ്പിക്കാൻ അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്.
പൊലീസും അഭിഭാഷക കമ്മിഷനും വീട്ടിൽ അതിക്രമിച്ച് കയറിയെന്നും രോഗിയായ മാതാവിനെ കൈയേറ്റം ചെയ്തെന്നും ആരോപിച്ച് അസി. കമ്മിഷണർ രംഗത്തുവന്നു. നിലവിൽ മെഡിക്കൽ ലീവിലാണ് ഇയാൾ.