കല നിങ്ങളുടെ ഹൃദയത്തിൽ: റിയ ഷിബു

Thursday 15 January 2026 2:42 AM IST

തൃശൂർ: കലോത്സവങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും എനിക്ക് എന്നെ തന്നെ വിശ്വാസമില്ലാതിരുന്നതിനാൽ അതിനു സാധിച്ചില്ലെന്ന് 'സർവം മായ' എന്ന സിനിമയിലൂടെ ജനപ്രിയയായ റിയ ഷിബു.

കലോത്സവത്തിൽ മുഖ്യാതിഥിയായിരുന്നു റിയ. കല ഹൃദയത്തിനുള്ളിൽ നിന്നു വരുന്നതാണ്. അത് ഒരു വികാരമാണ്. 'സർവം മായ' എന്ന സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് എനിക്ക് ഡാൻസ് കളിക്കാൻ അറിയില്ലെന്ന് പറഞ്ഞ് പലരും കളിയാക്കിയിരുന്നു. അത് വിശ്വസിച്ചിരുന്നെങ്കിൽ എനിക്ക് നിങ്ങളുടെ 'ഡെലൂലു' ആവാൻ കഴിയില്ലായിരുന്നു. ഒരു തോൽവി ഉണ്ടായാലും അത് നിങ്ങളെ നിർവചിക്കാൻ അനുവദിക്കരുത്. കല നിങ്ങളുടെ ഹൃദയത്തിലുള്ളതാണ്. നിങ്ങളുടെ ഉള്ളിലുള്ള കലയെ ലോകത്തിന് കാണിച്ചു കൊടുക്കാനായി കല അവതരിപ്പിക്കുക', റിയ പറഞ്ഞു.