മാലിന്യകൂമ്പാരമായി വാകത്തോട്

Thursday 15 January 2026 1:55 AM IST

നിലമ്പൂർ : പൂക്കോട്ടുംപാടം ടൗണിനോട് ചേർന്ന പ്രദേശങ്ങളിൽ മാലിന്യപ്രശ്നം രൂക്ഷമാകുന്നതായി പരാതി. ആഴ്ചച്ചന്ത ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് കവറുകൾ, ചാക്കുകൾ, പച്ചക്കറിയുടെ അവശിഷ്ടങ്ങൾ എന്നിവ നിയന്ത്രണമില്ലാതെ സമീപ പ്രദേശങ്ങളിലും വാകത്തോടിനരികിലും തള്ളുന്നതായാണ് ആരോപണം. ചന്ത കഴിഞ്ഞാൽ മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള കാര്യക്ഷമമായ സംവിധാനം ഇല്ലാത്തതും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സ്ഥിരമായ പരിശോധനയുടെ അഭാവവുമാണ് പ്രശ്നം രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഒരിക്കൽ ശുചീകരിച്ച സ്ഥലങ്ങൾ വീണ്ടും മാലിന്യം തള്ളുന്ന കേന്ദ്രങ്ങളായി മാറുന്ന സ്ഥിതിയാണുള്ളത്. ചില വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് പൈപ്പുകൾ സ്ഥാപിച്ച് വേസ്റ്റ് വെള്ളം നേരിട്ട് വാകത്തോടിലേക്കൊഴുക്കുന്നതായും പരാതിയുണ്ട്. ഇതുമൂലം തോട്ടിലെ വെള്ളം മലിനമാകുകയും ദുർഗന്ധം രൂക്ഷമാകുകയും കൊതുക് ശല്യം വർദ്ധിക്കുകയും ചെയ്യുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. രാത്രികാലങ്ങളിൽ മാലിന്യം അനധികൃതമായി തള്ളുന്നതായും സാമൂഹ്യവിരുദ്ധർ ചന്ത പരിസരം താവളമാക്കുന്നതായും ആരോപണമുണ്ട്.

കർശന നടപടി വേണം

  • നാട്ടുകാരുടെ ആവശ്യത്തെതുടർന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് പ്രവർത്തകരും സ്ഥലം സന്ദർശിച്ചിട്ടുണ്ട്. അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ നാട്ടുകാരെ അറിയിച്ചിട്ടുണ്ട്.
  • മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം .
  • സ്ഥിരമായ പരിശോധനയും നിരീക്ഷണവും ഇല്ലെങ്കിൽ പ്രശ്നം കൂടുതൽ രൂക്ഷമാകുമെന്ന് നാട്ടുകാർ പറയുന്നു.
  • മാലിന്യം തള്ളുന്നവർക്കെതിരെ പിഴയടക്കമുള്ള കർശന നടപടി സ്വീകരിക്കണമെന്നും ചന്ത നടക്കുന്ന ദിവസങ്ങളിൽ തന്നെ മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനം ഒരുക്കണമെന്നും. വേസ്റ്റ് വെള്ളം തോട്ടിലേക്കൊഴുക്കുന്നത് അടിയന്തിരമായി തടയണമെന്നും നാട്ടുകാർആവശ്യപ്പെടുന്നു

പ്രദേശത്തെ കെട്ടിട ഉടമകളുടേയും ചന്തയിലെ കച്ചവടക്കാരുടെയും സ്ഥല ഉടമകളുടെയും വ്യാപാരികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെയും സംയുക്ത യോഗം വിളിച്ചു ചേർത്ത് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും

ബി. ശിവദാസൻ

,

അസിസ്റ്റന്റ് സെക്രട്ടറി