രാഹുലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; വിദേശത്തുള്ള പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാനൊരുങ്ങി പൊലീസ്

Thursday 15 January 2026 7:43 AM IST

പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ അറസ്​റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്​റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേ​റ്റ് കോടതിയിൽ പ്രതിയെ ഹാജരാക്കും. പ്രത്യേക അന്വേഷണ സംഘം തുടർ കസ്​റ്റഡി ആവശ്യപ്പെടില്ലെന്നാണ് വിവരം. രാഹുലിനെ തിരികെ ജയിലിലേക്ക് അയക്കും. രാഹുൽ സമർപ്പിച്ച ജാമ്യഹർജി നാളെ തിരുവല്ല കോടതി പരിഗണിക്കാനും സാദ്ധ്യതയുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഡിജി​റ്റൽ തെളിവുകളടക്കം ശേഖരിക്കാൻ പൊലീസ് ശ്രമിക്കുകയാണ്. നേരത്തെ രാഹുലിന്റെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈൽഫോണുകൾ കസ്​റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ പാസ്‌വേർഡ് നൽകാൻ രാഹുൽ തയ്യാറായിട്ടില്ല. കേസിന് അനുകൂലമായ തെളിവുകൾ രണ്ട് ഫോണുകളിലുണ്ടെന്നും ഇവ പൊലീസിന്റെ കൈയിൽ കിട്ടിയാൽ നശിപ്പിക്കുമെന്നുമാണ് രാഹുലിന്റെ വാദം. രാഹുലിന്റെ കൈവശം ലാപ്‌ടോപ്പ് ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത് കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ശാസ്ത്രീയ മാർഗങ്ങൾ അനുസരിച്ച് രാഹുലിന്റെ ഫോണുകൾ തുറക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

പരാതിക്കാരിയുടെ രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. വിദേശത്ത് കഴിയുന്ന യുവതിയുടെ മൊഴി ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വീഡിയോ കോൺഫറൻസിലൂടെ എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് അനുമതി തേടാൻ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം.

അതേസമയം, രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് ഡി കെ മുരളി എംഎൽഎ പരാതി നൽകി. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയായതിനാൽ നിയമസഭാ ചട്ടപ്രകാരം അയോഗ്യനാക്കണമെന്നാണ് പരാതി.