മലമ്പുഴയിൽ അദ്ധ്യാപകൻ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം; പ്രധാന അദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ

Thursday 15 January 2026 8:20 AM IST

പാലക്കാട്: മലമ്പുഴയിൽ വിദ്യാർത്ഥിയെ അദ്ധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിലെ പ്രധാന അദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ. സംഭവം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അദ്ധ്യാപികയ്ക്ക് ഉണ്ടായത് ഗുരുതര വീഴ്ചയെന്നാണ് റിപ്പോർട്ട്. പ്രതിയായ അദ്ധ്യാപകനെ പുറത്താക്കാൻ എഇഒ ശുപാർശ നൽകും. സ്കൂള്‍ മാനേജരെ അയോഗ്യനാക്കാനുള്ള നടപടികളും ആരംഭിക്കും.

പീഡന വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ദിവസങ്ങളോളം സംഭവം മറച്ചുവച്ചെന്നും പൊലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയതെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഡിസംബർ 18നാണ് വിദ്യാർത്ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. പിന്നാലെ തന്നെ സ്‌കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19ന് അദ്ധ്യാപകനെതിരെ മാനേജ്മെന്റ് നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, സംഭവം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാൻ വൈകിയെന്നാണ് കണ്ടെത്തൽ.

മലമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇക്കഴിഞ്ഞ നവംബർ 29ന് പ്രതി വിദ്യാർത്ഥിയെ ക്വാർട്ടേഴ്സിലെത്തിച്ചാണ് പ‌ീഡിപ്പിച്ചത്. സ്കൂളിലെ സംസ്കൃത അദ്ധ്യാപകനായ കൊല്ലങ്കോട് സ്വദേശി അനിലാണ് പിടിയിലായത്. സ്കൂൾ കായികമത്സരത്തിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് അനിൽ വിരുന്നൊരുക്കിയിരുന്നു. ഇതിൽ എത്താതിരുന്ന കുട്ടിയെ വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ വകുപ്പിന് പുറമേ പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.