കൊല്ലത്ത് രണ്ട് വിദ്യാർത്ഥിനികൾ തൂങ്ങിമരിച്ച നിലയിൽ, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Thursday 15 January 2026 8:36 AM IST

കൊല്ലം: സ്‌പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (സായി) കായിക വിദ്യാർത്ഥിനികളെ ഹോസറ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാൾ പത്താം ക്ലാസ് വിദ്യർത്ഥിനിയും മറ്റൊരാൾ പ്ലസ് ടു വിദ്യാർത്ഥിനിയുമാണ്.സ്‌​റ്റേഡിയത്തോട് ചേർന്നുള്ള സായിയുടെ ഹോസ്​റ്റലിലാണ് കുട്ടികളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ അഞ്ചുമണിക്ക് പ്രാക്ടീസിനായി പോകാൻ വാർഡനും മ​റ്റുവിദ്യാർത്ഥികളുമെത്തി വിളിച്ചപ്പോൾ മുറി തുറന്നിരുന്നില്ല. തുടർന്ന് വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് രണ്ട് ഫാനുകളിലായി വിദ്യാർത്ഥിനികൾ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. സി​റ്റി പൊലീസ് കമ്മീഷണർ എത്തി വിവരങ്ങൾ ശേഖരിക്കുകയാണ്. വൈഷ്ണവി കബഡി താരമാണ്. കഴിഞ്ഞ ദിവസം കല്ലുവാതുക്കൽ നടന്ന മത്സരത്തിൽ വിജയിച്ചിരുന്നു. സാന്ദ്ര അത്‍ലറ്റിക് താരമാണ്.