110ാം വയസിൽ വിവാഹിതനായി ഒരു പെൺകുട്ടിയുടെ പിതാവായി; ലോകവിദഗ്ദ്ധർ പഠനം നടത്തിയ സൗദി പൗരൻ വിട പറഞ്ഞു

Thursday 15 January 2026 10:50 AM IST

റിയാദ്: സൗദി അറേബ്യയുടെ ഏറ്റവും പ്രായം കൂടിയ പൗരനായ ഷെയ്‌ഖ് നാസർ ബിൻ റാദ്ദൻ അൽ റാഷിദ് അൽ വദായ് വിട പറഞ്ഞു. 142ാം വയസിലാണ് അന്ത്യം. നാസറിന്റെ പ്രായവും ജീവിതവും ആഗോളതലത്തിൽ ശ്രദ്ധനേടിയിരുന്നു. അദ്ദേഹം 110ാം വയസിൽ വിവാഹിതനാവുകയും പിന്നീട് ഒരു പെൺകുഞ്ഞിന്റെ പിതാവാവുകയും ചെയ്തത് അന്താരാഷ്ട്ര തലത്തിൽ വാർത്തയായിരുന്നു.

110ാം വയസിൽ പിതാവായതിന് പിന്നാലെ അനേകം ആരോഗ്യവിദഗ്ദ്ധർ അദ്ദേഹത്തെ ആരോഗ്യനിലയെക്കുറിച്ചും മാനസിക നിലയെക്കുറിച്ചും ജീവിത രീതികളെക്കുറിച്ചും നിരവധി പഠനങ്ങൾ നടത്തി.

സൗദി അറേബ്യയുടെ സ്ഥാപക രാജാവായ അബ്ദുൾ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദിന്റെ കാലഘട്ടം മുതൽ നിലവിലെ രാജാവായ സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദിന്റെ കാലം വരെ നീണ്ടതായിരുന്നു നാസറിന്റെ ജീവിത കാലയളവ്. രാജ്യം മരുഭൂമികളും മണൽകൂനകളിലും നിന്ന് അത്യാധുനിക നഗരങ്ങളായി മാറുന്നതിന് അദ്ദേഹം സാക്ഷ്യം വഹിച്ചു. അടിസ്ഥാന സൗകര്യം, സമ്പത്‌വ്യവസ്ഥ, വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ രാജ്യം കൈവരിച്ച എല്ലാ മാറ്റങ്ങൾക്കും അദ്ദേഹം സാക്ഷിയായി.

കടുത്ത മതവിശ്വാസിയായ നാസർ 40 തവണ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ ദൈവവിശ്വാസമാണ് ദീർഘായുസിന് പിന്നിലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ചിട്ടയായ ജീവിതശൈലിയും സാധാരണ ഭക്ഷണരീതികളുമാണ് അദ്ദേഹത്തിന് 142 വയസുവരെ ജീവിക്കാൻ അവസരം നൽകിയതെന്നാണ് വിലയിരുത്തൽ.

134 പേരടങ്ങുന്ന വലിയൊരു കുടുംബത്തിന്റെ കാരണവർ കൂടിയായിരുന്നു നാസർ. സൗദിയിലെ ഏറ്റവും അറിയപ്പെടുന്നതും ബഹുമാനിക്കപ്പെടുന്നതുമായ കുടുംബങ്ങളിലൊന്നാണ് അദ്ദേഹത്തിന്റേത്. റിയാദിൽ നടന്ന അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങിൽ രാഷ്ട്രീയ - മത - സാമൂഹിക - സാംസ്‌കാരിക രംഗത്തെ പല പ്രമുഖരും പങ്കെടുത്തു.