രുചിക്കൂട്ടിൽ മനംനിറച്ച് പതിനായിരങ്ങൾ
Thursday 15 January 2026 11:39 AM IST
തൃശൂർ: പഴയിടം ഒരുക്കിയ രുചിക്കൂട്ടിൽ മനം നിറച്ച് പതിനായിരങ്ങൾ. കലോത്സവത്തിന്റെ ഭാഗമായി മത്സരാർഥികൾ ഉൾപ്പെടെ അരലക്ഷത്തോളം പേരാണ് ആദ്യദിനത്തിൽ അഞ്ചു തവണകളിലായി ഭക്ഷണം കഴിച്ചത്. രാവിലെ 6000 പേർക്ക് നവധാന്യ ദോശ, വെജിറ്റബിൾ സ്റ്റൂ, ചായ എന്നിവ പ്രഭാതഭക്ഷണമായി നൽകി. ചോറ്, സാമ്പാർ, അവിയൽ, കൂട്ടുകറി, ഓലൻ, തോരൻ, അച്ചാർ, പപ്പടം, മോര്, ചക്ക പായസം എന്നിവ ഉൾപ്പെടെ ഇരുപതിനായിരത്തോളം പേർക്ക് ഉച്ചഭക്ഷണം വിളമ്പി. വൈകുന്നേരം ചപ്പാത്തി, വെജിറ്റബിൾ കുറുമ എന്നിവയോടൊപ്പം കട്ടൻകാപ്പിയും ഒരുക്കി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ ശിവൻകുട്ടി, കെ.രാജൻ, മേയർ നിജി ജസ്റ്റിൻ, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ ഭക്ഷണശാലയിലെത്തി ഭക്ഷണം വിളമ്പി നൽകിയ ശേഷം ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്.