'ആ ഗുണമാണ് ചെന്നൈയെ ആകർഷിച്ചത്', സഞ്ജു സിഎസ്‌കെയിലെത്തിയതിന്റ കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം

Thursday 15 January 2026 12:42 PM IST

ചെന്നൈ: ഐപിഎൽ 2026 താരകൈമാറ്റത്തിൽ ഏറ്റവും ശ്രദ്ധനേടിയ ഒന്നായിരുന്നു സഞ്ജു സാസണിന്റെ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്കുള്ള വരവ്. ഒന്നര പതിറ്റാണ്ടിലേറെ സിഎസ്‌കെയുടെ അഭിമാനമായിരുന്ന രവീന്ദ്ര ജഡേജയെയും സാം കറനെയും നൽകിയാണ് സിഎസ്‌കെ, രാജസ്ഥാൻ റോയൽസിൽ നിന്ന് താരത്തെ കൊണ്ടുവന്നത്. സഞ്ജുവിനെ ഫ്രാഞ്ചൈസി വാങ്ങിയത് സഞ്ജുവിന്റെ ക്രിക്കറ്റ് കളി കണ്ടിട്ടോ സാമ്പത്തിക കാരണത്താലോ അല്ലെന്ന് വ്യക്തമാക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ഹനുമ വിഹാരി.

'സഞ്ജുവിന് ദക്ഷിണേന്ത്യയിൽ വലിയ ആരാധകവൃന്ദമുണ്ട്. ഐപിഎല്ലിൽ ക്രിക്കറ്റ് മാത്രമാണ് പ്രധാനമെന്ന് കരുതിയെങ്കിൽ തെറ്റി ക്രിക്കറ്റിനപ്പുറം ഒരു കളിക്കാരന് എത്രമാത്രം വിപണിമൂല്യം ഉണ്ടെന്ന് ഐപിഎൽ ഉടമകൾ ചിന്തിക്കും. സഞ്ജു എവിടെ കളിച്ചാലും കേരളത്തിലെ ആരാധകർ സഞ്ജുവിനായി ആർത്തുവിളിക്കും. അവർ കളികാണാനെത്തും. സമൂഹമാദ്ധ്യമങ്ങളിൽ അത് ആഘോഷമാക്കും. അതല്ലാതെ അടുത്ത സീസണിൽ ചെന്നൈയ്ക്ക് ഓപ്പണറാക്കാൻ വേണ്ടിയല്ല. അതിന് ആവശ്യത്തിന് ഓപ്പണർമാർ ചെന്നൈയ്ക്കുണ്ട്.' ഹനുമ വിഹാരി പറയുന്നു.

ആയുഷ് മാത്രെ, ഋതുരാജ് ഗെയ്‌ക്‌വാദ്, ഉർവിൽ പട്ടേൽ തുടങ്ങിയവർ ഓപ്പണർമാരായി മികച്ച പ്രകടനം നടത്തുന്നവരാണ്. സഞ്ജു കൂടി എത്തുമ്പോൾ അത് ഒന്നുകൂടി ശക്തമാകുന്നുവെന്നേയുള്ളുവെന്നും ഹനുമ വിഹാരി പറഞ്ഞു. മൂന്നാമനായാകും സിഎസ്‌കെയിൽ അദ്ദേഹം ഇറങ്ങുകയെന്നും ഗെയ്‌ക്‌‌വാദ് ഉള്ളപ്പോൾ സഞ്ജുവിനെ ഓപ്പണറാക്കേണ്ടതില്ലെന്നും പരിക്കിന് ശേഷം രാജസ്ഥാനിൽ മടങ്ങിവന്നപ്പോൾ സഞ്ജു മൂന്നാമനായാണ് ബാറ്റിംഗിനിറങ്ങിയതെന്നും വിഹാരി ഇൻസ്റ്റഗ്രാം വീഡിയോയിൽ വ്യക്തമാക്കി.

18 കോടി രൂപയ്‌ക്കാണ് രാജസ്ഥാൻ റോയൽസ് ചെന്നൈയ്‌ക്ക് സഞ്ജുവിനെ കൈമാറിയത്. 2012ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെ ഐപിഎല്ലിൽ അരങ്ങേറിയ സഞ്ജു തൊട്ടടുത്ത വർഷം രാജസ്ഥാനിലെത്തി. പിന്നെ ഡൽഹി ഡെയർ ഡെവിൾസിൽ പോയ ശേഷം രാജസ്ഥാനിലേക്ക് തിരികെയെത്തി. 2021ൽ രാജസ്ഥാൻ നായകനായ സഞ്ജു തൊട്ടടുത്ത സീസണിൽ ടീമിനെ ഫൈനലിലെത്തിച്ചു. കഴിഞ്ഞ സീസണിൽ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയുണ്ടായ അസ്വാരസ്യങ്ങൾക്ക് ശേഷമാണ് സഞ്ജു ഫ്രാഞ്ചൈസി മാറി ചെന്നൈയിൽ എത്തുന്ന വാർത്തകൾ പ്രചരിച്ചത്.