'വർഗവഞ്ചക'; അധികാരത്തിന്റെ അപ്പക്കഷ്ണത്തിനുവേണ്ടിയുള്ള അസുഖമായിരുന്നു ഐഷാ പോറ്റിക്കെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: സി.പി.എം വിട്ട് കോൺഗ്രസിലെത്തിയ മുൻ എം.എൽ.എ ഐഷാ പോറ്റിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഐഷാ പോറ്റി വർഗവഞ്ചകയാണ്. അധികാരത്തിന്റെ അപ്പക്കഷ്ണത്തിനുവേണ്ടിയുള്ള അസുഖമായിരുന്നു ഐഷയ്ക്കെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
'വിസ്‌മയം തീർക്കുമെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. അങ്ങനെ അത്ഭുതം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് ഐഷാ പോറ്റിയെ പിടിച്ചത്. ഐഷാ പോറ്റി ഒരു കമ്മിറ്റിയിലും പങ്കെടുത്തിരുന്നില്ല. അസുഖമാണെന്നാണ് അപ്പോൾ പറഞ്ഞിരുന്നത്. ആ അസുഖം എന്തായിരുന്നുവെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി. അധികാരത്തിന്റെ അപ്പക്കഷ്ണത്തിനുവേണ്ടിയുള്ള അസുഖമായിരുന്നു. ഒരു വിസ്‌മയവും കേരളത്തിൽ നടക്കാൻ പോകുന്നില്ല. വിസ്‌മയം തീർക്കാൻ പ്രായമുള്ളവരെ തിരക്കിയിറങ്ങിയിരിക്കുകയാണ് വി ഡി സതീശൻ. വിസ്‌മയം തീർത്തുകൊണ്ട് മൂന്നാം ഭരണത്തിലേയ്ക്ക് എൽഡിഎഫ് പോകും'- എം വി ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെ ലോക്ഭവനുമുന്നിൽ കോൺഗ്രസ് നടത്തുന്ന രാപകൽ സമരവേദിയിൽ അപ്രതീക്ഷിതമായെത്തിയാണ് ഐഷാ പോറ്റി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷനേതാവ് വി ഡി സതീശനൊപ്പമാണ് അവർ സമരവേദിയിലെത്തിയത്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫാണ് അംഗത്വം നൽകിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ ഐഷാ പോറ്റി സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തിയാൽ എൽ.ഡി.എഫിന് ശുഭപ്രതീക്ഷയുണ്ടായിരുന്ന കൊട്ടാരക്കരയിൽ പോരാട്ടം കടുക്കുമെന്നാണ് വിലയിരുത്തൽ.