അനധികൃത മത്സ്യബന്ധനത്തിനെതിരെ നടപടികളുമായി മറൈൻ എൻഫോഴ്സ്മെന്റ്

Friday 16 January 2026 12:19 AM IST
മത്സ്യബന്ധന ബോട്ടുകളിൽ മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

തോപ്പുംപടി: മുനമ്പം കേന്ദ്രീകരിച്ച് മറൈൻ എൻഫോഴ്സ്മെന്റും ഫിഷറീസ് വകുപ്പും നടത്തിയ പരിശോധനയിൽ അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ട 3 ബോട്ടുകൾ പിടികൂടി. വൈപ്പിൻ മറൈൻ എൻഫോഴ്സ്മെന്റ് ഇൻസ്‌പെക്ടർ ഒഫ് ഗാർഡ് മൻജിത് ലാലിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി 11 മുതൽ ചൊവ്വാഴ്ച പുലർച്ചെ 3 വരെയായിരുന്നു പരിശോധന. മത്സ്യകുഞ്ഞുങ്ങളെ പിടിച്ച ഷിയാമോൾ -2, പെർമിറ്റില്ലാതെ മത്സ്യബന്ധനം നടത്തിയ കാർമൽ മേരി എന്നീ ട്രോൾ നെറ്റ് ബോട്ടുകളാണ് എൻഫോഴ്സ്മെന്റ് സംഘം കസ്റ്റഡിയിലെടുത്തത്.

മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ കെ.സി. മനോജ്, റാഫേൽ പിങ്ക്സൺ, സി.കെ. വിഷ്ണു, സീ റെസ്‌ക്യൂ ഗാർഡുമാരായ ജസ്റ്റിൻ ഡികോസ്റ്റ, വി.എ. ഷെല്ലൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ പി. ആര്യ, സബ് ഇൻസ്പെക്ടർ ആർ. അരുൺ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലത്തെ പരിശോധനയിലാണ് യു.സി.ഒ മറൈൻ ഒന്ന് എന്ന ബോട്ട് പിടികൂടിയത്. ഈ ബോട്ടിൽ പെർമിറ്റില്ലാത്തതിനൊപ്പം അനുവദനീയമായ 12 വാട്ടിന് പകരം 2400 വാട്ട് പവറുള്ള ലൈറ്റുകളും കണ്ടെത്തി.

മൂന്ന് ബോട്ടുകളിലെയും മത്സ്യം പൊതുലേലം ചെയ്ത് തുക സർക്കാരിലേക്ക് ഒടുക്കി. ഭക്ഷ്യയോഗ്യമല്ലാത്ത 3.5 ടൺ മത്സ്യം പുറംകടലിൽ ഉപേക്ഷിച്ചു. എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജാ ജോസ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണന നിയമപ്രകാരം ഷിയാമോൾ-2 ബോട്ടിന് 2.5 ലക്ഷം രൂപയും കാർമൽ മേരിക്ക് 2.80 ലക്ഷം രൂപയും പിഴ ചുമത്തി. യു.സി.ഒ മറൈൻ ഒന്ന് ബോട്ടിനെതിരെയുള്ള നടപടികൾ പൂർത്തിയായി വരുന്നു. കഴിഞ്ഞ 2 മാസത്തിനിടെ അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ട 20 ഓളം ബോട്ടുകളിൽ നിന്നായി 40 ലക്ഷം രൂപയിലേറെ പിഴ ഈടാക്കിയതായും പരിശോധന തുടരുമെന്നും വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ പി. ആര്യ പറഞ്ഞു.