കേരപെക്‌സ് 2026 4 കോടി മുതൽ നാലണയുടെ വരെ സ്‌റ്റാമ്പുകൾ കാണാം
കൊച്ചി: നാലുകോടി രൂപയിലേറെ മൂല്യവും ലോകത്തിലെ ഏറ്റവും പഴക്കവുമുള്ള പെനി ബ്ളാക്ക് ഉൾപ്പെടെ തപാൽ സ്‌റ്റാമ്പുകളുടെ അപൂർവ ശേഖരം കാണാൻ അവസരം. കേരളത്തിലെ ഏറ്റവും വലിയ തപാൽ സ്‌റ്റാമ്പ് പ്രദർശനമായ കേരപെക്‌സ് 2026 ഈമാസം 20 മുതൽ 23 വരെ എറണാകുളം ടൗൺ ഹാളിൽ നടക്കും.
തപാൽ വകുപ്പ് കേരള സർക്കിൾ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ പഴയതും പുതിയതുമായ ആയിരക്കണക്കിന് സ്റ്റാമ്പുകൾ പ്രദർശിപ്പിക്കും. നാലുകോടി മൂല്യമുള്ള പെനി ബ്ളാക്ക്, സ്വിറ്റ്‌സർലൻഡ് പുറത്തിറക്കിയ മഹാത്മാഗാന്ധി
സ്റ്റാമ്പ് എന്നിവയാണ് പ്രദർശനത്തിലെ ഏറ്റവും വില പിടിച്ചവ. 2019ന് ശേഷം ആദ്യമായാണ് വിപുലമായ പ്രദർശനം കേരളത്തിൽ സംഘടിപ്പിക്കുന്നതെന്ന് മദ്ധ്യകേരള പോസ്‌റ്റ് മാസ്റ്റർ ജനറൽ സയ്യീദ് റഷീദ് പറഞ്ഞു. 'കേരളത്തിന്റെ സാംസ്‌കാരികസമന്വയം" എന്നതാണ് പ്രദർശനത്തിന്റെ പ്രമേയം.
രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും 23ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 വരെയും നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. മത്സരങ്ങൾ, സംവാദങ്ങൾ, പരിചയപ്പെടുലുകൾ തുടങ്ങിയവയും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കും.
വാർത്താസമ്മേളനത്തിൽ പോസ്റ്റൽ സർവീസ് ഡയറക്ടർ എൻ.ആർ. ഗിരി, അസിസ്റ്റന്റ് ഡയറക്ടർ ഷീബ വേണുഗോപാൽ, ഡെപ്യൂട്ടി സൂപ്രണ്ട് അജിത് കുര്യൻ എന്നിവരും പങ്കെടുത്തു.
പ്രധാന ആകർഷണങ്ങൾ
8000 ത്തിലേറെ സ്റ്റാമ്പുകൾ വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ ഇന്ററാക്ടീവ് പ്രവർത്തനങ്ങൾ അപൂർവ തപാൽ സ്റ്റാമ്പുകൾ
പ്രത്യേക കവറുകൾ വാട്ടർ മെട്രോ കവർ വന്ദേ മാതരം കവർ
റബർ ബോർഡ് സബ് പോസ്റ്റ് ഓഫീസ് മുദ്ര
സചിത്ര കാർഡുകൾ ലക്ഷദ്വീപിലെ സമുദ്രജീവജാലം കേരളത്തിന്റെ പ്രകൃതിദൃശ്യങ്ങൾ തൃശൂർ പൂരം വിളംബരം കുമരകം കായൽത്തീരം കോട്ടയം ലാറ്റക്‌സ്
അസുലഭ അവസരം സ്റ്റാമ്പുകൾ മുഖേന ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം അടുത്തറിയാൻ കഴിയുമെന്ന് സംഘാടകർ പറഞ്ഞു. യുവതലമുറയിൽ സ്റ്റാമ്പുശേഖരണം ഹോബിയായും പഠനോപാധിയായും പ്രോത്സാഹിപ്പിക്കാൻ പ്രദർശനം അവസരമൊരുക്കുന്നു.