റോഡപകടങ്ങൾ വില്ലൻ ചാറ്റൽ മഴ!
കൊച്ചി: നഗരത്തിലെ റോഡപകടങ്ങളിൽ മുഖ്യവില്ലൻ ചാറ്റൽ മഴയെന്നു പഠനറിപ്പോർട്ട്. 57 ശതമാനം അപകടങ്ങളും 2.1 മില്ലിമീറ്ററിൽ താഴെയുള്ള നേരിയ മഴയിൽ. കനത്ത മഴയിൽ പലരും ഡ്രൈവിംഗ് ഒഴിവാക്കുമെങ്കിലും ചാറ്റൽ മഴയിൽ കരുതലെടുക്കാത്തതാകാം ഇതിനു കാരണമെന്നാണ് കണ്ടെത്തൽ.
കൊച്ചി അമൃത ആശുപത്രിയിലെ പബ്ലിക് ഹെൽത്ത്, കമ്മ്യൂണിറ്റി മെഡിസിൻ, ബയോ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗങ്ങളും കുസാറ്റും സംയുക്തമായാണ് പഠനം നടത്തിയത്. നഗരത്തിലെ റോഡപകട നിരക്ക് മഴയും കുറഞ്ഞ അന്തരീക്ഷ ഊഷ്മാവുമുള്ള കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിവിധ സംഭവങ്ങൾ തെളിയിക്കുന്നു. 2018 മുതൽ 2023 വരെയുള്ള കാലയളവിലെ അപകടങ്ങളാണ് പഠനവിധേയമാക്കിയത്. റിപ്പോർട്ട് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ ജേണലിൽ പ്രസിദ്ധീകരിച്ചു. 52 ശതമാനം അപകടങ്ങളും വേഗപരിധി 40-60 കിലോമീറ്ററുള്ള മേഖലകളിലാണ് ഉണ്ടായത്. കുറഞ്ഞ വേഗത്തിൽ ഡ്രൈവർമാർ കാണിക്കുന്ന അമിതവിശ്വാസവും അശ്രദ്ധയും നിയമലംഘനവും വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. കാൽനടയാത്രക്കാർ കൂടുതലുള്ള കൊച്ചി നഗരത്തിലെ ഇടറോഡുകളിലെ തിരക്കും നിയമലംഘനവും അപകടനിരക്ക് വർദ്ധിപ്പിക്കുന്നതായി അമൃതയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എസ്. അശ്വതി പറഞ്ഞു. അപർണ ശബരി, അഭിലാഷ് സുകുമാരപിള്ള, ടി. വി സത്യാനന്ദൻ, ജെബി ജോസ്, കെ.ആർ. തങ്കപ്പൻ എന്നിവരും പഠനത്തിൽ പങ്കാളികളായി.
മുന്നിൽ ടൂവീലർ
അപകടങ്ങളിൽ മുന്നിൽ ഇരുചക്രവാഹനങ്ങൾ. 57.8 ശതമാനം
അപകടം ഏറ്റവും കൂടുതൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെ
അപകടങ്ങൾക്കു പ്രധാന കാരണം അമിതവേഗം
പ്രധാന റോഡുകളെ അപേക്ഷിച്ച് ഇടറോഡുകളിലാണ് 62.6 ശതമാനം അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത്
വേഗപരിധിയുള്ള ഇടങ്ങളിൽ അപകടം കുറവല്ല.