പൊലീസിന് വീഴ്ച പറ്റി: ക്രൈംബ്രാഞ്ച്
മൂവാറ്റുപുഴ: ബാറ്ററി മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. മൂവാറ്റുപുഴ സ്വദേശി അമൽ ആന്റണിക്ക് നേരിടേണ്ടി വന്ന പൊലീസ് മർദ്ദനത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്നാണ് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തിയത്. സംഭവത്തിൽ വീഴ്ചയില്ലെന്ന് പറഞ്ഞ് ഡിവൈ.എസ്.പി പി.എം. ബൈജു നേരത്തെ പ്രാഥമിക റിപ്പോർട്ട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. തുടർന്നാണ് അമൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അമലിന്റെ മൊഴിക്ക് പുറമെ, സി.സി ടി.വി ദൃശ്യങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ, ഡോക്ടറുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയത്. പരാതിക്കാരൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി ബലംപ്രയോഗിച്ചാണ് അമലിനെ കസ്റ്റഡിയിലെടുത്തത്.