വിഗ്രഹങ്ങളില്‍ സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേട്; തന്ത്രിക്ക് കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് കുരുക്ക് മുറുകുന്നു. സ്വര്‍ണ്ണക്കൊള്ള കേസിന് പിന്നാവലെ ദ്വാരപാലക കേസില്‍ തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. ജയിലില്‍ കഴിയുന്ന തന്ത്രിയെ അവിടെയെത്തിയ ശേഷമാണ് പുതിയ കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമലയിലെ വിഗ്രഹങ്ങളില്‍ സ്വര്‍ണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് കൂടുതല്‍ നടപടി സ്വീകരിക്കുന്നതിലേക്ക് അന്വേഷണ സംഘം കടന്നിരിക്കുന്നത്.
കോടതിയില്‍ നിന്ന് അനുമതി നേടിയതിന് ശേഷമാണ് ദ്വാരപാലക കേസില്‍ ജയിലില്‍ നേരിട്ടെത്തി തന്ത്രിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പില്‍ കണ്ഠരര് രാജീവരര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. അതിനിടെ ശബരിമലയില്‍ കൊടിമരം മാറ്റി സ്ഥാപിച്ചതും പ്രത്യേക സംഘത്തിന്റെ അന്വേഷണ പരിധിയിലാക്കി. തന്ത്രിയുടെ വീട്ടില്‍ നിന്നും പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം കസ്റ്റഡിലെടുത്ത് കോടതിയില്‍ നല്‍കിയതോടെയാണ് അന്വേഷണം കൊടി മാറ്റിയതിലേക്ക് നീങ്ങുന്നത്.
വാചിവാഹനം തന്ത്രി കണ്ഠരര് രാജീവരര്‍ക്കാണ് ബോര്‍ഡ് കൈമാറിയത്. സ്വര്‍ണകൊള്ള വിവാദം ഉയര്‍ന്നപ്പോള്‍ വാജിവാഹനം തിരികെ നല്‍കാമെന്ന് തന്ത്രി മുന്‍ ബോര്‍ഡിനെ അറിയിച്ചുവെങ്കിലും തിരികെവാങ്ങാന്‍ ബോര്‍ഡ് തയ്യാറായിരുന്നില്ല.
ദ്വാരപാലക പാളിയും കട്ടിളപ്പാളിയും പോറ്റിയുടെ പക്കല്‍ കൊടുത്തിവിടാനുള്ള തീരുമാനമെടുത്ത ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസിനെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ദ്വാരപാലക കേസിലും കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തന്ത്രിയെ കസ്റ്റഡിയില്‍ നല്‍കാനുള്ള അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. കസ്റ്റഡിയില്‍ കിട്ടുന്ന മുറയ്ക്ക് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.