പോരാട്ടം ഇഞ്ചോടിഞ്ച്; ഉശിരോടെ എറണാകുളം
തൃശൂർ: മുന്നും പിന്നും നോക്കാനില്ല, കട്ടയ്ക്ക് നിന്നേ പറ്റുവെന്ന നിലയിലാണ് സംസ്ഥാന കലോത്സവ വേദികളിൽ എറണാകുളത്തിന്റെ പ്രകടനം. ആദ്യദിനം 141 പോയിന്റായിരുന്ന ജില്ല ഇന്നലെ പോയിന്റ് 439 ആയി ഉയർത്തി. ആദ്യ നാലിലേക്ക് കുതിക്കാൻ ജില്ലയ്ക്കിനി 15പോയിന്റുകൾ മാത്രം മതി. കഴിഞ്ഞ തവണ 980 പോയിന്റോടെ അഞ്ചാം സ്ഥാനത്തായിരുന്നു.
ഇന്നലെ വൈകിട്ട് പൂർത്തിയായ 92 ഇനങ്ങളിൽ 81 എണ്ണത്തിൽ എ ഗ്രേഡ് നേടിയാണ് എറണാകുളം പോയിന്റ് നില മെച്ചപ്പെടുത്തിയത്. ആദ്യദിവസം ഒമ്പതാം സ്ഥാനത്തായിരുന്ന ജില്ല ഇന്നലെ ഏട്ടാം സ്ഥാനത്തേയ്‌ക്ക് കയറി. ഹൈസ്‌കൂൾ വിഭാഗത്തിൽ 50 ഇനങ്ങളിൽ നിന്നായി 232 ഉം ഹയർസെക്കൻഡറി വിഭാഗത്തിൽ 43 ഇനങ്ങളിൽ നിന്നായി 207ഉം പോയിന്റുകൾ നേടി.
ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പണിയനൃത്തം, മിമിക്രി, നാടോടി നൃത്തം, ദേശഭക്തിഗാനം, ചെണ്ടമേളം, ഒപ്പന, മാർഗംകളി, പ്രസംഗം, ഭരതനാട്യം, മൃദംഗം, വീണ എന്നിവയിൽ ടീം എ ഗ്രേഡുകൾ വാരിക്കൂട്ടി. ഹൈസ്‌കൂൾ വിഭാഗത്തിൽ ചാക്യാർക്കൂത്ത്, കേരള നടനം, മോഹിനിയാട്ടം, രചനാ മത്സരങ്ങൾ, പദ്യം ചൊല്ലൽ, സംഘനൃത്തം തുടങ്ങിയ ഇനങ്ങളിലായി എ ഗ്രേഡുകൾ ഹൈസ്‌കൂൾ വിഭാഗവും നേടിയെടുത്തു.
മികവോടെ എസ്.എൻ സ്‌കൂളുകൾ
ജില്ലയുടെ മികവിൽ ശ്രീനാരായണ സ്‌കൂളുകളുടെ മിന്നും പ്രകടനവും നിർണായകമായി. വടക്കൻ പറവൂർ എസ്.എൻ.എച്ച്.എസ്.എസ്, വടക്കൻ പറവൂർ എസ്.എൻ.വി സംസ്‌കൃത സ്‌കൂൾ, ഒക്കൽ എസ്.എൻ.എച്ച്.എസ്.എസ്, പൂത്തോട്ട കെ.പി.എം.വി.എച്ച്.എസ്.എസ്, ചെറായി സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ് എന്നീ സ്‌കൂളുകൾ പോയിന്റ് പട്ടികയിലേക്ക് ഒന്നിലേറെ എ ഗ്രേഡുകളാണ് സംഭാവന ചെയ്തത്. 97 സ്‌കൂളുകളിൽ നിന്നായി 767 മത്സരാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്.