ജനാധിപത്യത്തിലെ പുതിയ പൊറാട്ടുകൾ!

Friday 16 January 2026 12:36 AM IST

നമ്മുടെ രാഷ്ട്രീയ, സാമൂഹ്യ, ഉദ്യോഗസ്ഥ സമൂഹത്തെ എമ്പാടും ഗ്രസിച്ചിരിക്കുന്ന മൂല്യച്യുതിയും പുഴുക്കുത്തുകളും കാണുമ്പോൾ വോട്ട് ചെയ്യണോ വേണ്ടയോ എന്നല്ല,​ ജീവിച്ചിരിക്കണമോ എന്നു പോലും തോന്നിപ്പോകുന്നു! ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയും ദ്വാരപാലക ശില്പങ്ങളും ഇളക്കിമാറ്റി,​ സ്വർണക്കൊള്ളയ്ക്ക് 'അനുജ്ഞ" നല്കുന്ന ക്ഷേത്ര തന്ത്രി,​ സ്വർണക്കൊള്ള ആസൂത്രണം ചെയ്യുന്ന രാഷ്ട്രീയ നേതൃത്വവും ദേവസ്വം ബോർഡും,​ അതിനെല്ലാം തുള്ളിക്കൊടുക്കുന്ന ദേവസ്വം ഉദ്യോഗസ്ഥർ... 'സ്വാമിയേ,​ ശരണമെവിടപ്പാ..." എന്നാണ് വിളിച്ചു ചോദിച്ചുപോകുന്നത്!

പ്രതികൾക്ക് അവിഹിതമായി പരോൾ അനുവദിക്കാൻ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ചുള്ള വാർത്ത ഈയിടെ കണ്ടിരുന്നു. വേലി തന്നെ വിളവ് തിന്നുക എന്ന് ഇതിനെയല്ലേ വിളിക്കേണ്ടത്?​ ദേവന് ആടിയ നെയ്യ് വിറ്റവകയിൽ ദശലക്ഷങ്ങളുടെ തിരിമറി നടത്തുന്ന ദേവസ്വം ജീവനക്കാർ,​ പരാതിക്കാരിയെ പ്രലോഭിപ്പിച്ച്,​ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ,​ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച് നഗ്നചിത്രം പകർത്തുന്ന അദ്ധ്യാപകർ,​ ഉദ്യോഗസ്ഥ അഴിമതി കണ്ടുപിടിക്കാൻ ഉത്തരവാദിത്വമുണ്ടായിരുന്നിട്ടും,​ കേസ് മറയ്ക്കാൻ അവരിൽ നിന്ന് കൈക്കൂലി കൈപ്പറ്റുന്ന വിജിലൻസ് ഉദ്യോഗസ്ഥർ... ഇങ്ങനെയൊരു കലികാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.

'സുതാര്യ ഭരണം,​ സംശുദ്ധ ഭരണം" എന്നൊക്കെ ഗീർവാണം മുഴക്കിയാണ് ഓരോ സർക്കാരും അധികാരത്തിലെത്തുന്നത്. ഭരണത്തിലെത്തുന്നതിന്റെ പിറ്റേന്നുതന്നെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അഴിമതി ആരംഭിക്കുകയും ചെയ്യും. സത്യത്തിൽ ജനാധിപത്യത്തിൽ ജനത്തിനും അവരുടെ സമ്മതിദാനത്തിനുമുള്ള പങ്ക് കുറഞ്ഞുവരികയല്ലേ എന്നാണ് സംശയം. ജയിക്കാൻ ജനങ്ങളുടെ വോട്ട് വേണമെന്നത് നേരുതന്നെ. പക്ഷേ,​ പദവികൾ തീരുമാനിക്കുന്നത് സമുദായവും മതമേലദ്ധ്യക്ഷന്മാരും ഒക്കെയാണ്. അതുകൊണ്ടാണല്ലോ,​ കോർപറേഷൻ മേയർ പദവിയിലെത്തിയ ഒരു വനിത ഈയിടെ,​ തന്റെ പദവിക്കു പിന്നിൽ 'സഭാ പിതാക്കന്മാരുടെ" പിൻബലമാണെന്ന് പരസ്യമായി വേദിയിൽ പറഞ്ഞത്.

ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം എത്രയോ പഞ്ചായത്തുകളിൽ കൗൺസിലർമാർ പാർട്ടിയും മുന്നണിയും മാറുന്നതിന്റെ നാണംകെട്ട കഥകൾ പുറത്തുവന്നു. ജനം വോട്ടു ചെയ്യുന്നത് ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രതിനിധിയായി വേഷമിടുന്ന വ്യക്തിക്കാണ്. വോട്ട് കിട്ടിക്കഴിയുമ്പോൾ പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും ആധികാരലബ്ദ്ധിക്കും വേണ്ടി ആ വ്യക്തി പാർട്ടി മാറുമ്പോൾപ്പിന്നെ സമ്മതിദായകന്റെ ആ 'വിലയേറിയ" അവകാശത്തിന് എന്താണ് മൂല്യം?​ ജനങ്ങളുടെ ചെലവിലും ജനാധിപത്യത്തിന്റെ പേരിലും അരങ്ങേറുന്ന പൊറാട്ട് നാടകങ്ങളെ ഇനി എന്തു പേരിട്ട് വിളിക്കണം?​

വി.ജി. ദയാനന്ദൻ

ആലത്തൂർ