സച്ചുവിന്റെ എ ഗ്രേഡിന് അമ്മയുടെ കണ്ണീർമണം

Friday 16 January 2026 12:03 AM IST

തൃശൂർ: സച്ചുവിന്റെ ഓരോ ചുവടും അമ്മ ബിന്ദുവിന്റെ കഷ്ടപ്പാടിനുള്ള പ്രതിഫലമാണ്. അവന്റെ നേട്ടങ്ങൾക്കുപിന്നിൽ രാവന്തിയോളം കൂലിവേലചെയ്യുന്ന അമ്മയുടെ കണ്ണീർക്കഥയുണ്ട്. കരുതലിന്റെ വെളിച്ചമുണ്ട്.

കാസർകോട് കമ്പല്ലൂർ ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ സച്ചു സതീഷ് തുടർച്ചയായി നാലാം തവണയാണ് ആൺകുട്ടികളുടെ ഭരതനാട്യത്തിൽ എ ഗ്രേഡ് നേടുന്നത്. ഇനി കുച്ചിപ്പുടിയും കേരള നടനവും ബാക്കിയുണ്ട്. മുൻപ് മൂന്നു വട്ടവും ഈയിനങ്ങളിൽ സച്ചുവിന് എ ഗ്രേഡ് ലഭിച്ചിരുന്നു.

ആറു വർഷം മുൻപ് ഹൃദയാഘാതത്തിൽ അച്ഛൻ പി.ആർ.സതീഷ് ഓർമ്മയായതോടെ ബിന്ദുവും സച്ചുവും ഇരുട്ടിലായി. ആശ്രയം നഷ്ടപ്പെട്ട ബിന്ദു കൂലിപ്പണിക്കിറങ്ങി. കല്ലെടുത്തും ഇഷ്ടിക ചുമന്നും തൊഴിലുറപ്പിനു പോയും സച്ചുവിനെ വളർത്തി. ആ കുഞ്ഞുശരീരത്തിലെ വലിയ കലാമോഹങ്ങൾക്ക് ചിറകുനൽകി. സബ് ജില്ല മത്സരത്തിന് 60,000 രൂപയും ജില്ല മത്സരത്തിന് 50,000 രൂപയും ലോണെടുത്താണ് ബിന്ദു സച്ചുവിനെ മത്സരങ്ങൾക്ക് കൊണ്ടുപോയത്. സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ സ്‌കൂളിൽ നിന്ന് 32,000 രൂപ നൽകി. സുമനസുകളുടെ സഹായങ്ങളും കടം വാങ്ങിയ പണവുമെല്ലാമായാണ് സച്ചു തൃശൂരെത്തിയത്. സതീശ് നീലേശ്വരമാണ് ഗുരു.

വേണം, അമ്മയ്ക്കൊരു വീട്

ബിന്ദുവിന് സ്വന്തമായൊരു വീടില്ല. ജോലി സമ്പാദിച്ച് അമ്മയ്ക്കൊരു വീട്. അതാണ് സച്ചുവിന്റെ സ്വപ്നം. അച്ഛനെ നഷ്ടപ്പെട്ട ശേഷം ബിന്ദുവിന്റെ ചേച്ചി ലക്ഷ്മിയുടെയും ഭർത്താവിന്റെയും മക്കളുടെയും ഒപ്പം ഒരു കൊച്ചുവീട്ടിലാണ് താമസം. പ്രതിസന്ധികൾക്കിടയിലും മകന്റെ പഠനവും നേട്ടങ്ങളുമാണ് എല്ലുമുറിയെ പണിയെടുക്കാനുള്ള കരുത്തെന്ന് ബിന്ദു നിറമിഴികളോടെ പറഞ്ഞു. പട്ടിക വർഗ്ഗ മലവേട്ടുവ സമുദായത്തിൽപ്പെട്ടവരാണ്.