മാണി ഗ്രൂപ്പ് ചാഞ്ചാട്ടം : തടയിട്ടത് മുഖ്യമന്ത്രി

Friday 16 January 2026 12:16 AM IST

തിരുവനന്തപുരം: യു.ഡി.എഫ് പ്രലോഭനത്തിനും സഭയുടെ സമ്മർദ്ദത്തിനും വഴങ്ങി,​ മറുകണ്ടം ചാടാനുള്ള കേരള കോൺഗ്രസ്- എം നീക്കത്തിന് തടയിട്ടത് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി റോഷി അഗസ്റ്റിൻ,​ എം.എൽ.എമാരായ ഡോ. എൻ.ജയരാജ്,​ പ്രമോദ് നാരായണൻ എന്നിവരെ ഒപ്പം നിറുത്തുന്നതിൽ അതോടെ സി.പി.എം വിജയിച്ചു.

എൽ.ഡി.എഫ് വിടാൻ തങ്ങളില്ലെന്ന് മൂന്നുപേരും നിലപാടെടുത്തതോടെയാണ് ജോസ് കെ.മാണിക്ക് മുന്നിൽ വഴിയടഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനു മേൽക്കൈ കിട്ടിയതു മുതൽ ജോസിന്റെ മനസ് യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞു തുടങ്ങിയതാണ്. ഇതു തിരിച്ചറിഞ്ഞാണ് പി.കെ.കുഞ്ഞാലിക്കുട്ടിയും വി.‌ഡി.സതീശനും അതിനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ഹൈക്കമാൻഡും ജോസിനെ പ്രീണിപ്പിക്കാനുള്ള ഇടപെടൽ നടത്തി. സിറോമലബാർ സഭയുടെ താത്പര്യവും കേരളാ കോൺഗ്രസ്- എം യു.ഡി.എഫിലേക്ക് വരുന്നതിലാണ്. വി.ഡി.സതീശനെ അവരുടെ സിനഡിലേക്ക് ക്ഷണിച്ചതും വെറുതെയല്ല.

അണിയറയിലെ നീക്കങ്ങളും ജോസ് കെ.മാണിയുടെ ചാഞ്ചാട്ടവും മനസിലാക്കിയ മുഖ്യമന്ത്രി, മന്ത്രി റോഷി അഗസ്റ്റിനോട് മുന്നണിയിൽ തുടരാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ നാലര വർഷവും മന്ത്രിസഭയിൽ കിട്ടിയ പരിഗണനയും സഹകരണവും റോഷിക്കും വിസ്മരിക്കാനാവില്ല. ഇപ്പോൾ കളം മാറ്റിച്ചവിട്ടുകയും ഉദ്ദേശിച്ച ഫലം തിരഞ്ഞെടുപ്പിൽ കിട്ടാതെ വരുകയും ചെയ്താൽ രാഷ്ട്രീയ ഭാവിയിലുണ്ടാവുന്ന അനിശ്ചിതത്വവും മൂന്ന് നേതാക്കളും തിരിച്ചറിഞ്ഞു. മുന്നണി മാറ്റത്തിനില്ലെന്ന കടുത്ത നിലപാട് അനൗദ്യോഗിക ചർച്ചയിൽ അവർ ജോസ് കെ.മാണിയെ അറിയിച്ചു. അതോടെയാണ്, തങ്ങൾ ഇടതുപക്ഷത്ത് തന്നെ തുടരുമെന്ന പ്രഖ്യാപനം ജോസ് നടത്തിയത്.