പരാതിക്കാരിക്ക് നേരെ സൈബർ അധിക്ഷേപം, രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസെടുത്തു
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സൈബർ അധിക്ഷേപം നടത്തിയതിന് കേസ്. രാഹുലിന്റെ സുഹൃത്തും കോൺഗ്രസ് പ്രവർത്തകനുമായ ഫെനി നൈനാന് എതിരെയാണ് പത്തനംതിട്ട സൈബർ പൊലീസ് കേസെടുത്തത്. യുവതിയുടെ ചാറ്റുകൾ ഉൾപ്പെടെ പുറത്തുവിട്ടാണ് ഫെനി നൈനാൻ ഫേസ്ബുക്ക് പോസ്റ്റിട്ടത്. 2024ൽ ബലാത്സംഗം ചെയ്യപ്പെട്ടതായി ആരോപിക്കുന്ന യുവതി മൂന്നുമാസം മുൻപ് എം.എൽ.എയെ സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഫെനി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഇതിന് പിന്നിലെ യുക്തിയെന്തെന്നും ഫെനി നൈനാൻ ചോദിക്കുന്നു.
അതേസമയം കേസിനെ നിയമപരമായി നേരിടുമെന്ന് ഫെനി പറഞ്ഞു. ഈ വിഷയത്തിൽ നിയമലംഘനം നടത്തിയിട്ടില്ല എന്ന് ബോദ്ധ്യമുണ്ടെന്നും ഫെനി വ്യക്തമാക്കി. കേസെടുത്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഫെനി കൂട്ടിച്ചേർത്തു.
അതിനിടെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് രാഹുലിനെ മാവേലിക്കര സ്പെഷ്യൽ സബ്‌ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജയിലിന് മുന്നിൽ ബി.ജെ.പി- യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് രാഹുലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. കഴിഞ്ഞ ദിവസത്തെ വൻ പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല കോടതി നാളെ പരിഗണിക്കുന്നുണ്ട്,