ഒപ്പനക്കാർ തകർത്തു : തോഴിക്ക് ദേഹാസ്വാസ്ഥ്യം
തൃശൂർ: പൊള്ളുന്ന ചൂടും പൊടിപടലങ്ങളുമൊക്കെ പുറത്തുണ്ടെങ്കിലും ഒപ്പന കാണാൻ ആളേറെ. ഇശൽ തേൻകണം അനുവാചക ഹൃദയങ്ങളിൽ നിറച്ച് മൈലാഞ്ചി മൊഞ്ചുള്ള പെണ്ണുങ്ങൾ വേദിയിൽ നിറഞ്ഞു. പാട്ടിനൊത്ത് കൈകൊട്ടിക്കളിച്ചവർ ഒപ്പന തകർത്തപ്പോൾ മണവാട്ടിപ്പെണ്ണിന് നാണം. കാഴ്ചക്കാരുടെ മുഖത്ത് പതിന്നാലാം രാവിന്റെ മൊഞ്ച്. ഇശലുകൾക്കൊപ്പം കൈത്താളമിട്ട് ചാഞ്ഞും ചരിഞ്ഞും ചിരിച്ചുല്ലസിച്ചും ആസ്വാദകർ കലോത്സവരസം പങ്കിട്ടു. തീപാറുന്ന മത്സരമാണ് ഒപ്പനയ്‌ക്കെന്ന് ആസ്വാദകർ വിലയിരുത്തുന്നതിനിടെ വേദിയിൽ മണവാട്ടിയുടെ തോഴി കുഴഞ്ഞുവീണു. ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് എച്ച്.എസ്.എസിലെ ആസിയ ബീവിയാണ് കുഴഞ്ഞുവീണത്. കൈകൊട്ടിക്കളിച്ച് ആദ്യപകുതിയോടെ ഉഷാറാകുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ആസിയ കുഴഞ്ഞുവീണത്. മറ്റുള്ളവർ നിറുത്താതെ കളിച്ചു. കർട്ടൻ വീണതോടെ ആസിയയെ കോരിയെടുത്ത് മെഡിക്കൽ ടീമിന് മുന്നിലെത്തിച്ചു. ഇപ്പോൾ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു.