സുവർണ ജൂബിലി ആഘോഷം
ആനന്ദപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് ആനന്ദപ്പള്ളി സഭയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് 23ന് തുടക്കമാകും. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം എ.ജി അടൂർ സെക്ഷൻ പ്രസ്ബിറ്റർ റവ. ജോസ് ടി. ജോർജ് നിർവഹിക്കും. 1943ൽ എട്ടുപേരുടെ കൂട്ടായ്മയിലൂടെ ആനന്ദപ്പള്ളിയിൽ ആരംഭിച്ച പെന്തക്കോസ്തു പ്രസ്ഥാനത്തിന്റെ തുടർച്ചയായി, 1975-ൽ മുണ്ടുതറയിൽ മത്തായി ജോർജ്ജിന്റെ നേതൃത്വത്തിലാണ് അസംബ്ലീസ് ഓഫ് ഗോഡ് സഭ പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ ഈ പ്രദേശത്തെ ആത്മീയ-സാമൂഹിക മണ്ഡലങ്ങളിൽ സജീവ സാന്നിദ്ധ്യമായി സഭ വളർന്നുകഴിഞ്ഞു. സുവർണ ജൂബിലിക്ക് തുടക്കംകുറിച്ചുകൊണ്ട് 23 മുതൽ 25 വരെ സുവിശേഷ കൺവെൻഷൻ നടക്കും. യോഗങ്ങളിൽ റവ. ഡോ. രാജൻ ജോർജ്ജ്, റവ. സാറാ ജോർജ്ജ് കോവൂർ, ഡോ. എ.കെ. ജോർജ്ജ്, റവ. ഡോ. ജോസഫ് ഡാനിയേൽ, റവ. ബിനോയി പാറപ്പള്ളിൽ മാത്യു എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും. ആഘോഷ കമ്മിറ്റി ചെയർമാൻ പാസ്റ്റർ ബ്ലസൻ ജോൺ ആരാധനയ്ക്ക് നേതൃത്വം നൽകും. ജൂബിലി വർഷത്തോടനുബന്ധിച്ച് ആത്മീയ പരിപാടികൾക്ക് പുറമെ വിപുലമായ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. റവ. ജോസ് ടി. ജോർജ് (രക്ഷാധികാരി), പാസ്റ്റർ ബ്ലസൻ ജോൺ (ചെയർമാൻ), വി.കെ. ശമുവേൽ (ജനറൽ കൺവീനർ) എന്നിവരടങ്ങുന്ന ജൂബിലി കമ്മിറ്റിയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.