സഖ്യത്തിൽ തർക്കം: ഇടതും വലതും പ്രശ്നം
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോൺഗ്രസും സി.പി.എമ്മും മത്സരിക്കുന്ന സീറ്റുകൾ ഏതാണ്ട് ധാരണയായപ്പോൾ എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും സഖ്യകക്ഷികളുടെ സീറ്റിൽ തർക്കം തുടരുന്നു. ജില്ലയിലെ സീറ്റ് തർക്കം മുന്നണി മാറ്റത്തിന് വരെ കാരണമാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കുറ്റ്യാടി, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, തിരുവമ്പാടി, ബേപ്പൂർ സീറ്റുകളിൽ സിപി.എം മത്സരിക്കുമെന്ന് ഉറപ്പായി. നിലവിൽ ആർ.ജെ.ഡി മത്സരിക്കുന്ന വടകര സീറ്റ് ഇത്തവണ ആർ.എം.പിയിൽ നിന്ന് പിടിച്ചെടുക്കാൻ സംസ്ഥാന പ്രസിഡൻറ് എം.വി ശ്രേയാംസ് കുമാർ തന്നെ മത്സരിക്കണമെന്നാണ് സി.പി.എം നിലപാട്. എന്നാൽ തോൽക്കുന്ന സീറ്റ് വേണ്ടെന്നും എലത്തൂർ കിട്ടണമെന്നുമാണ് ആർ.ജെ.ഡി നിലപാട്. എലത്തൂർ വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണ് എൻ.സി.പി. മന്ത്രി എ.കെ ശശീന്ദ്രനെ തന്നെ വീണ്ടും മത്സരിപ്പിച്ച് സീറ്റ് നിലനിർത്തുകയാണ് എൻ.സി.പിയുടെ ലക്ഷ്യം. ഇതിനോട് ആർ.ജെ.ഡി എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. കഴിഞ്ഞ തവണ ആദ്യം കേരള കോൺഗ്രസിന് നൽകുകയും പിന്നീട് പരസ്യ പ്രതിഷേധമുണ്ടായതോടെ സി.പി.എം ഏറ്റെടുക്കുകയും ചെയ്ത കുറ്റ്യാടി സീറ്റ് ഇത്തവണ തിരിച്ചു നൽകണമെന്നാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ ആവശ്യം. എന്നാൽ ഇത് സി.പി.എമ്മിന് സ്വീകാര്യമല്ല. കേരള കോൺഗ്രസ് കുറ്റ്യാടി സീറ്റ് തർക്കം ഉയർത്തി മുന്നണി മാറ്റത്തിന് ശ്രമിക്കുമോയെന്ന ആശങ്ക സി.പി.എം നേതൃത്വത്തിനുണ്ട്.
യു.ഡി.എഫിന് തലവേദനയായി തിരുവമ്പാടി
തിരുവമ്പാടി സീറ്റിനെ ചൊല്ലിയുള്ള യു.ഡി.എഫിലെ ആശയക്കുഴപ്പം അവസാനിക്കുന്നില്ല. നിലവിൽ മുസ്ലിംലീഗ് മത്സരിക്കുന്ന സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ് സമ്മർദ്ദം ചെലുത്തുമ്പോൾ വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ലീഗിനുള്ളത്. സഭയ്ക്ക് നിർണായക സ്വാധീനമുള്ള സീറ്റിൽ സി.പി ജോണിനെ മത്സരിപ്പിക്കണമെന്നാണ് സി.എം.പി ആവശ്യപ്പെടുന്നത്. തിരുവനന്തപുരം സെൻട്രൽ കിട്ടിയില്ലെങ്കിൽ തിരുവമ്പാടി തന്നെ വേണമെന്ന് ജോൺ വാശിപിടിക്കുന്നു. കേരള കോൺഗ്രസ് യു.ഡി.എഫിലെത്തുകയും പാല സീറ്റ് കൊടുക്കുന്ന സാഹചര്യവുമുണ്ടായാൽ തിരുവമ്പാടി തനിക്ക് വേണമെന്ന നിലപാടിലാണ് മാണി സി കാപ്പൻ. കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടിയെ വീട്ടിലെത്തി സന്ദർശിച്ച കാപ്പൻ ഈ കാര്യം ആവശ്യപ്പെട്ടതായാണ് സൂചന.