സ്വർണപ്പാളിയിൽ ചാക്യാരുടെ കൂത്ത്

Friday 16 January 2026 1:30 AM IST

തൃശൂർ: ഹൈസ്കൂൾ വിഭാഗം ചാക്യാർകൂത്ത് മത്സരത്തിൽ ശബരിമല സ്വർണക്കൊള്ളക്കാരെ കണക്കിന് ട്രോളി ചാക്യാൻമാർ. കുട്ടനെല്ലൂർ സെന്റ് അഗസ്റ്റിൻ എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥി എൻ.നവനീത് കൃഷ്ണയുടെ അവതരണം ശ്രദ്ധേയമായി.

ശ്രീകൃഷ്ണൻ ദൂതിനുപോകുന്ന സന്ദർഭമാണ് അവതരിപ്പിച്ചത്. കൃഷ്ണനെ എഴുന്നേറ്റുനിന്ന് ആദരിച്ചാൽ ശിക്ഷ നൽകുമെന്ന് ചുറ്റുമുള്ള രാജക്കൻമാരോട് ദുര്യോധനൻ പറയുമ്പോഴായിരുന്നു സ്വർണപ്പാളിക്കേസ് പൊങ്ങിയത്. ശിക്ഷ ജയിലല്ലെന്നും അകത്ത് പുറത്തേക്കാൾ സുഖമെന്ന് കേൾക്കുന്നുണ്ടെന്നുമായിരുന്നു ചാക്യാരുടെ പരിഹാസം. മന്ത്രിമാർക്ക് മാത്രമല്ല തന്ത്രിമാർക്കും ജയിലാകാമെന്ന് ആയില്ലേ എന്ന ചോദ്യവുമുയർന്നു.