അൻപു ചാൾസ് കുറ്റ്യാടിയിലെത്തി മനുഷ്യജീവൻ കാക്കാൻ..
കുറ്റ്യാടി: മലിനീകരണ രഹിത ഇന്ത്യക്കായി തമിഴ്നാട്ടിൽ നിന്ന് കശ്മീരിലേക്കും തുടർന്ന് ചെന്നയിലേക്കും സൈക്കിളിൽ യാത്ര ചെയ്യുന്ന അൻപു ചാൾസ് കുറ്റ്യാടിയിലെത്തി. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുക, മലിനീകരണ രഹിതമായ ഇന്ത്യയെ വാർത്തെടുക്കുക എന്ന സന്ദേശമുയർത്തിയാണ് തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിലെ പുതുപാടി സ്വദേശിയായ ഇദ്ദേഹം അറുപതാം വയസിൽ സൈക്കിളിൽ ഇന്ത്യയിലെ വടക്കൻ സംസ്ഥാനങ്ങളിൽ ബോധവത്ക്കരണം നടത്തുന്നത്. 'സൈക്കിളിൽ യാത്ര തുടരൂ രോഗ മുക്തരാകൂ' എന്ന മുദ്രാവാക്യമുയർത്തിയാണ് തമിഴ്നാട് മുതൽ കാശ്മീർ വരെ പ്രചാരണ പരിപാടി നടത്തിയത്. മുംബൈ-ഗോവ ദേശീയ പാതയിലൂടെയുള്ള സഞ്ചാര പാതകളിലെ വിവിധ കേന്ദ്രങ്ങളിൽ നിരവധി പരിസ്ഥിതി പ്രവർത്തകർ ഇദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, കേരളം, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒറീസ, പശ്ചിമ ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ദാമൻ -ദിയു, കന്യാകുമാരി, ഡൽഹി തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് കുറ്റ്യാടി, വയനാട് വഴി സ്വന്തം നാടായ ചെന്നൈയിലേക്ക് യാത്ര തിരിക്കുകയാണ്. ഗ്രാമങ്ങളിലൂടെയുള്ള യാത്രക്കിടയിൽ സ്കൂളുകൾ, കോളേജുകൾ, സർക്കാർ ഓഫീസുകൾ എന്നിവ സന്ദർശിച്ച് പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാർഗനിർദ്ദേശം നൽകും. മധുര അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ മാസ്റ്റർ ബിരുദം നേടിയ ഇദ്ദേഹം മലയാളം തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, തെലുങ്ക്, ഉൾപ്പെടെയുള്ള ഭാഷകളും കൈകാര്യം ചെയ്യും. പുതുപ്പാടിയിലെ വീരമ്മൻ്റെയും മേരിയുടേയും മകനായ ചാൾസിന് രണ്ട് സഹോദരൻമാരും രണ്ട് സഹോദരിമാരുമാണ് ഉള്ളത്. അവിവാഹിതനാണ്.