അമ്മിക്കല്ലും വിറകടുപ്പും വിങ്ങുന്ന ഓർമ്മയായി, തൃശൂരിന്റെ അരങ്ങിൽ തലസ്ഥാനത്തിന്റെ 'അമ്മകം'

Friday 16 January 2026 12:31 AM IST

തൃശൂർ: നാടകത്തിന് തിരശീല ഉയർന്നപ്പോൾ വേദിയിൽ കണ്ടത് ഒരു അടുക്കളയല്ല, മലയാളി ഉപേക്ഷിച്ചുപോയ ഒരു കാലത്തിന്റെ ഹൃദയമിടിപ്പായിരുന്നു. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ, തിരുവനന്തപുരം നെല്ലിമൂട് സെന്റ് ക്രിസോസ്റ്റോസ് ജി.എച്ച്.എസ്.എസിലെ മിടുക്കികൾ അവതരിപ്പിച്ച 'അമ്മകം' നാടകം പ്രമേയത്തിന്റെ കരുത്തുകൊണ്ടും അവതരണത്തിലെ തന്മയത്വംകൊണ്ടും ശ്രദ്ധേയമായി. തലസ്ഥാന നഗരിയിൽ നിന്നും സാഹിത്യ നഗരിയിലെത്തി, കാലം മാറുമ്പോഴും കരുതിവയ്‌ക്കേണ്ട ചില ഓർമ്മകളുണ്ടെന്നും മാറ്റിവയ്ക്കാൻ പാടില്ലാത്ത ചില മനുഷ്യരുണ്ടെന്നും ഓർമ്മിപ്പിച്ചാണ് പെൺപ്രതിഭകൾ മടങ്ങിയത്.

പഴമയുടെ പടിയിറക്കം, നോവായി അമ്മ

അമ്മിക്കല്ലും അരകല്ലും വിറകടുപ്പും നിറഞ്ഞ പഴയകാലത്തിന്റെ മണമുള്ള അടുക്കള പൊളിച്ചുമാറ്റി, അത്യാധുനിക 'മോഡുലാർ കിച്ചൻ' പണിയുന്നതോടെയാണ് നാടകത്തിന്റെ തുടക്കം. സൗകര്യങ്ങൾ വർദ്ധിക്കുമ്പോൾ അവിടെ 'പഴഞ്ചൻ' എന്ന പേരിൽ ഉപേക്ഷിക്കപ്പെടുന്നത് വീടിന്റെ ഐശ്വര്യമായ മുതിർന്നവരെയാണെന്ന പച്ചയായ സത്യം പെൺകുട്ടികൾ വേദിയിൽ ഭാവതീവ്രതയോടെ അവതരിപ്പിച്ചു. പുതിയ കാലത്തെ ഫാസ്റ്റ് ഫുഡ് സംസ്കാരത്തോടെ പൊരുത്തപ്പെടാനാകാതെ ശ്വാസം മുട്ടുന്ന എൺപത് വയസുള്ള ഒരമ്മയുടെ വേദന കാണികളുടെ ഉള്ളുലച്ചു. ആധുനികതയുടെ ആർഭാടങ്ങൾക്കിടയിൽ ആ അമ്മ വിടപറയുമ്പോൾ, വികസനത്തിന്റെ പേരിൽ നാം കുഴിച്ചുമൂടുന്നത് സ്വന്തം വേരുകളെയാണെന്ന സന്ദേശം നാടകം ബാക്കിവച്ചു. പ്രകാശൻ കരിവള്ളൂർ രചിച്ച നാടകം സംവിധാനം ചെയ്തത് രാജേഷ് കീഴത്തൂരാണ്. അമ്മയായി സാന്ദ്ര വേഷമിട്ടു. സൻഷ, അക്ഷിത, നിവേദ്യ, അനുഷ, നേഹ, ജുവൽ, ദിയ, അന്ന, നിഖിത എന്നിവർ മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.