പാലം കടക്കാൻ വൈകും കോഴഞ്ചേരിയിൽ പണി മെല്ലെ മെല്ലെ
കോഴഞ്ചേരി: കോഴഞ്ചേരി പുതിയ പാലത്തിന്റെ പണി പൂർത്തിയാകാൻ വൈകും . മാരാമൺ കൺവെൻഷന് മുമ്പ് പാലം തുറന്നുകൊടുക്കുമെന്നാണ് അധികൃതർ പറഞ്ഞത്. കൺവെൻഷന് ഇനി മൂന്നാഴ്ച കൂടിയേയുള്ളു. അതിനുമുമ്പ് പാലം പണി തീരില്ല.
ഏഴു വർഷം മുമ്പാണ് പാലത്തിന്റെ പണി തുടങ്ങിയത്. പക്ഷേ ഇടയ്ക്കിടെ പണി മുടങ്ങുന്നതാണ് തടസം. നാല് സ്പാനുകളിൽ അവസാന സ്പാനിന്റെ കോൺക്രീറ്റ് ജോലികൾക്കായി തട്ട് നിർമ്മാണം നടക്കുന്നതേയുള്ളു. മാരാമൺഭാഗത്ത് 344 മീറ്റർ നീളവും കോഴഞ്ചേരി ഭാഗത്ത് 90 മീറ്റർ നീളവുമാണ് സമീപന പാതയ്ക്കുള്ളത്. ഇവിടെ കോൺക്രീറ്റ് ഭിത്തികൾ നിർമ്മിച്ച് ഭാഗികമായി മണ്ണ് നിറച്ച ജോലികൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളു. പോസ്റ്റ് ഓഫീസിന് മുന്നിൽ കൂടി വണ്ടിപ്പേട്ടയിലൂടെ വൺവേ റോഡുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇവിടെ സമീപന പാത നിശ്ചയിച്ചിരിക്കുന്നത്. മറുവശത്ത് തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിന് മുമ്പിൽ ടി.കെ റോഡുമായി ബന്ധിപ്പിക്കുന്ന വിധത്തിലും . പാലം പണി പൂർത്തിയായില്ലെങ്കിലും മാരാമൺ കൺവൻഷനോടനുബന്ധിച്ച് സമീപന പാത നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ .
സമീപന പാതയെങ്കിലും തീരുമോ ?
പാലത്തിനോട് ചേർന്നുള്ള സമീപന പാതയാണ് മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള വഴി. കൺവെൻഷന് മുമ്പ് പാതയുടെ പണി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കരാറുകാരൻ. മാരാമൺ ഭാഗത്ത് തോട്ടപ്പുഴശേരി പഞ്ചായത്ത് പടി മുതലുള്ള സമീപനപാതയിൽ ഓട നിർമ്മാണത്തിനുള്ള ജോലികൾ ആരംഭിച്ചു. മണ്ണുമാറ്റി ഓട നിർമ്മിക്കുന്ന ജോലികൾ നടക്കുന്നു . ഇത് കോൺക്രീറ്റ് ചെയ്ത് സ്ലാബിട്ട് മൂടുന്ന ജോലി കൺവെൻഷൻ തുടങ്ങുന്നതിന് മുമ്പ് പൂർത്തിയാകേണ്ടതുണ്ട്. മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള പാത ഈ റോഡ് തന്നെയാണ്. പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന് അരികിലൂടെ നദീ തീരത്തിലൂടെയാണ് കൺവെൻഷൻ നഗറിലേക്കുള്ള പാത. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ജോലികൾ നിമിത്തം മണ്ണും ചെളിയുമായി കിടക്കുന്ന റോഡ് കൺവെൻഷന് മുന്നോടിയായി വൃത്തിയാക്കാനുള്ള ശ്രമത്തിലാണ്