രാജപ്രതിനിധി ഇന്ന് സന്നിധാനത്ത് 18ന് കളഭാഭിഷേകം
ശബരിമല: ശബരിമലയിലെ ആചാരപരമായ ചടങ്ങുകൾ നിർവഹിക്കാൻ പന്തളം കൊട്ടാരം രാജ പ്രതിനിധി പുണർതംനാൾ പി.എൻ.നാരായണ വർമ്മ ഇന്ന് സന്നിധാനത്ത് എത്തും. തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പം പല്ലക്കിൽ ശബരിമലയിലേക്ക് തിരിച്ച അദ്ദേഹം 14ന് പമ്പയിലെ രാജമണ്ഡപത്തിലെത്തി വിശ്രമിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.30ന് ശേഷം പരിവാര സമേതം നിലിമല, അപ്പാച്ചിമേട്, ശബരീപീഠം, ശരംകുത്തിവഴി താഴെ തിരുമുറ്റത്ത് എത്തും. രാജപ്രതിനിധി എത്തുന്നതിന് മുന്നോടിയായി പതിനെട്ടാംപടി കഴുകി വൃത്തിയാക്കും. തുടർന്ന് കൊടിവിളക്കുമായി മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി പതിനെട്ടാംപടി ഇറങ്ങിവന്ന് ആവണിപ്പലകയിട്ട് അതിൽ നിർത്തി രാജപ്രതിനിധിയുടെ കാൽകഴുകി സ്വീകരിച്ചശേഷം സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാപടി കയറി കൊടിമരത്തിന്റെ ഒരു വശത്തുകൂടി സോപാനത്തെത്തുന്ന അദ്ദേഹം അയ്യപ്പസ്വാമിയെ ദർശിച്ച ശേഷം മാളികപ്പുറത്തെ രാജമണ്ഡപത്തിലേക്ക് പോകും. നാളെ ഉഷ:പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവ രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തിലാണ് . 18ന് പന്തളം രാജകൊട്ടാരത്തിന്റെ വകയാണ് കളഭാഭിഷേകം. തീർത്ഥാടനകാലത്ത് നെയ്യഭിഷേകത്താൽ ചൂടാകുന്ന അയ്യപ്പ വിഗ്രഹം കളഭാഭിഷേകത്താൽ കുളിരണിയുമെന്നാണ് വിശ്വാസം. രാജപ്രതിനിധിയുടെ മേൽനോട്ടത്തിൽ നടക്കുന്ന കളഭാഭിഷേകത്തോടെ മണ്ഡല-മകരവിളക്ക് കാലത്തെ അഭിഷേകങ്ങൾക്ക് വിരാമമാകും. 19ന് രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തിലാണ് മാളികപ്പുറത്ത് വലിയ ഗുരുതി. 20ന് പുലർച്ചെ രാജപ്രതിനിധിക്കുമാത്രമാണ് സന്നിധാനത്ത് ദർശനം. ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി നടയടച്ചശേഷം മേൽശാന്തി ശ്രീകോവിൽപൂട്ടി പണക്കിഴിയും താക്കോൽകൂട്ടവും രാജപ്രതിനിധിക്ക് കൈമാറും. പതിനെട്ടാംപടി ഇറങ്ങിയശേഷം ഈ താക്കോൽകൂട്ടവും പണക്കിഴിയും മേൽശാന്തിയുടെ സാന്നിദ്ധ്യത്തിൽ ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ തിരികെ ഏൽപ്പിച്ച് അടുത്ത ഒരു വർഷത്തെ പൂജകൾ നടത്താൻ നിർദ്ദേശിക്കും. തുടർന്ന് തിരുവാഭരണ പേടകങ്ങൾക്കൊപ്പം രാജപ്രതിനിധിയും പല്ലക്കിൽ മടക്കയാത്ര ആരംഭിക്കും. ആദ്യദിനം ളാഹ സത്രത്തിലും, രണ്ടാം ദിനം പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിലും മൂന്നാം ദിനം ആറന്മുളയിലും വിശ്രമിച്ച ശേഷം നാലാംദിനം പുലർച്ചെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ മടങ്ങിയെത്തും.
കക്കാട്ട് കോയിക്കലിൽ തിരുവാഭരച്ചാർത്ത് 21ന്
ശബരിമല കഴിഞ്ഞാൽ തിരുവാഭരണം ചാർത്തുന്ന ഏക ക്ഷേത്രമാണ് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രം. പന്തളം രാജാവ് കക്കാട്ട് കോയിക്കലിൽ തമ്പടിച്ചാണ് ശബരിമലയിലെ ക്ഷേത്ര നിർമ്മാണ പ്രവൃത്തികൾ നടത്തിയതെന്നാണ് വിശ്വാസം. അക്കാലത്ത് അദ്ദേഹം കക്കാട്ട് കോയിക്കലും ക്ഷേത്രം നിർമ്മിച്ച് ശബരിമലയുടെ അതേ മാതൃകയിലുള്ള വിഗ്രഹപ്രതിഷ്ഠ നടത്തി. ശബരിമലയിൽ പോകാൻ കഴിയാത്ത സ്ത്രീകൾക്കും യുവതികൾക്കും കക്കാട്ട് കോയിക്കലെത്തി തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പവിഗ്രഹം ദർശിക്കാൻ കഴിയും. 21ന് രാവിലെ 8 മണിയോടെ കക്കാട്ട് എത്തുന്ന തിരുവാഭരണ ഘോഷയാത്ര 22ന് പുലർച്ചെ 1.30നാണ് ഇവിടെനിന്നും മടങ്ങുന്നത്.