വീണ്ടും പണി തുടങ്ങി സുബലയിൽ പ്രതീക്ഷ

Thursday 15 January 2026 10:35 PM IST

പത്തനംതിട്ട : പട്ടികജാതി യുവതികൾക്ക് തൊഴിൽ നൽകുന്നതിനുള്ള പദ്ധതിയുമായി ആവിഷ്കരിച്ച സുബലാപാർക്കിന് വീണ്ടും പ്രതീക്ഷ. നഗരത്തിന്റെ സാംസ്കാരിക കേന്ദ്രമാക്കി മാറ്റാനും പദ്ധതിയുണ്ട്. പദ്ധതി ആരംഭിച്ചിട്ട് മൂന്നു പതിറ്റാണ്ടായിട്ടും എങ്ങുമെത്താതെ കിടക്കുകയായിരുന്നു. ഓരോ തവണയും പുനർ നിർമ്മാണത്തിന് തുടക്കമിടുമെങ്കിലും പണി തുടങ്ങി ദിവസങ്ങൾക്കുള്ളിൽ ഉപേക്ഷിക്കപ്പെടും.

വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാർക്കിലെ തടാകത്തിന് ചുറ്റും ഭാഗികമായി നിർമ്മിച്ച ചുറ്റുമതിൽ പൂർത്തിയാക്കുക, തടാകത്തിനു ചുറ്റും ടൈൽ വിരിച്ച് നടപ്പാത നിർമ്മിക്കുക എന്നിവയ്ക്കായി 75 ലക്ഷം രൂപയാണ് അമൃത് 2.O പദ്ധതി പ്രകാരം നഗരസഭ അനുവദിച്ചത്. ചെളി കോരി തടാകം വൃത്തിയാക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.

ജില്ലാ പട്ടികജാതി വകുപ്പിന്റെ ഉടമസ്ഥതയിലായതിനാൽ സുബല പാർക്കിന്റെ വികസന പ്രവർത്തനങ്ങൾ നഗരസഭയെ ഏൽപ്പിക്കുന്നതിന് ആദ്യം സാങ്കേതിക തടസങ്ങൾ ഉണ്ടായിരുന്നു. ജില്ലാ ആസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ വിശ്രമ കേന്ദ്രമാക്കി പദ്ധതിയെ മാറ്റാനാണ് ശ്രമമെന്ന് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയതിന് ശേഷമാണ് നഗരസഭ നിർമ്മാണം ഏറ്റെടുത്തത്.

പദ്ധതിയിൽ ഉൾപ്പെടുന്നത്

ഗേറ്റ് വേ, കൺവെൻഷൻ സെന്റർ, കിച്ചൺ ബ്ലോക്ക്, ഡ്രെയനേജ്, കോഫി ഏരിയ, കുളം നവീകരണം, ബോട്ടിംഗ്, എക്‌സിബിഷൻ സ്‌പേസ്, കംഫർട്ട് സ്റ്റേഷൻ, ഷട്ടിൽ കോർട്ട്, തീയേറ്റർ, ഗെയിമിംഗ് ബ്ലോക്ക്, ഗ്രീൻ റൂം, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, ചുറ്റുമതിൽ.

♦ 4.5 കോടിയുടെ പദ്ധതി

ഒന്നാംഘട്ടം 2.94 കോടി ചെലവഴിച്ചു

1995ൽ അന്നത്തെ ജില്ലാകളക്ടർ കെ.ബി.വത്സലകുമാരി പട്ടികജാതി യുവതികൾക്ക് താെഴിൽ നൽകാനായി തുടങ്ങിയ പദ്ധതി

♦ വെട്ടിപ്രത്ത് അഞ്ച് ഏക്കർ പാടശേഖരം ഏറ്റെടുത്തു. വിശാലമായ ഓഡറ്റോറിയം, കുട്ടികളുടെ പാർക്ക്, ബോട്ടിംഗിനായി കുളം, സ്വയംതൊഴിൽ പരിശീലനകേന്ദ്രം എന്നിവ ഉൾപ്പെട്ടതായിരുന്നു പദ്ധതി.

പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. നിലവിൽ തടാകത്തിന്റെ ജോലികളാണ് നടക്കുന്നത്. നടപ്പാത പൂർത്തിയാകുന്നതോടെ പ്രഭാത - സായാഹ്ന നടത്തത്തിന് സാഹചര്യമൊരുങ്ങും.സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഇവിടം വേദിയാകും.

സിന്ധു അനിൽ

പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ