തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നത് ഭൂപ്രഭുക്കന്മാർക്കുവേണ്ടി: എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: ഭൂപ്രഭുക്കന്മാർക്ക് വേണ്ടിയാണ് നരേന്ദ്രമോദി സർക്കാർ ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സ്ത്രീകൾ അടക്കമുള്ള ലക്ഷക്കണക്കിന് ആളുകളുടെ വരുമാനം ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. ഇതിനെതിരേ സ്ത്രീകളുടെ നേതൃത്വത്തിൽ ശക്തമായ പോരാട്ടമുണ്ടാകുമെന്നും ഗോവിന്ദൻ പറഞ്ഞു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ലോക്ഭവന് മുമ്പിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതി വിഭാവനം ചെയ്ത രീതിയിൽ നടപ്പാക്കാൻ ഓരോ വർഷവും 2 ലക്ഷം കോടി വേണം. അത് കുറച്ചുകുറച്ച് 75,000 കോടിയാക്കി. ഇപ്പോഴത് സംസ്ഥാനങ്ങളുടെ ബാദ്ധ്യതയിലാക്കി ഇല്ലാതാക്കാനാണ് നീക്കം. പുതിയ നിയമ പ്രകാരം 2500 കോടി കേരളം കണ്ടെത്തണം. 20 ലക്ഷം ആളുകളെയാണ് തീരുമാനത്തിലൂടെ ദുരിതത്തിലാക്കിയിരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ, സി.കെ.ഹരീന്ദ്രൻ എം.എൽ.എ, ഗിരിജ, വടവൂർ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഐഷ പോറ്റിക്ക് അധികാരത്തിന്റെ
അപ്പക്കഷണത്തിനായുള്ള അസുഖം
കൊട്ടാരക്കര മുൻ എം.എൽ.എ ഐഷ പോറ്റിക്ക് അധികാരത്തിന്റെ അപ്പക്കഷണത്തിനായുള്ള അസുഖമായിരുന്നെന്ന് എം.വി.ഗോവിന്ദൻ. പത്ത് വർഷം പഞ്ചായത്ത് പ്രസിഡന്റും 15 വർഷം എം.എൽ.എയുമൊക്കെ ആയിരുന്ന ഒരാളെ പാർട്ടിയുടെ സംഘടനാ രംഗത്ത് പ്രവർത്തിക്കാൻ പറഞ്ഞപ്പോൾ അസുഖമാണെന്നാണ് പറഞ്ഞത്. ഇപ്പോൾ അസുഖമെന്താണെന്ന് ബോദ്ധ്യമായി. വർഗ വഞ്ചകയാണ്. അവസരവാദമാണ് നിലപാട്. വിസ്മയം തീർക്കുമെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഐഷ പോറ്റിയെ ഒപ്പം കൂട്ടിയത്. ഒരു വിസ്മയവും നടക്കാൻ പോകുന്നില്ലെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.