കുടുംബശ്രീയുടെ "കെ-ഇനം' ബ്രാൻഡ് ആഗോള വിപണിയിലേക്ക്
നെടുമ്പാശേരി: കുടുംബശ്രീയുടെ കാർഷിക ഭക്ഷ്യവിഭവങ്ങൾ "കെ-ഇനം' എന്ന പുതിയ ബ്രാൻഡിൽ ആഗോള വിപണിയിലെത്തുന്നു. ഇന്ത്യയിലെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുടെ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തയ്യാറാക്കിയ 30 പ്രീമീയം ബ്രാൻഡ് ഭക്ഷ്യോത്പന്നങ്ങളാണ് കുടുംബശ്രീ എത്തിക്കുക. സമ്പുഷ്ടീകരിച്ച ഭക്ഷണങ്ങൾ, പോഷകാഹാര കേന്ദ്രീകൃത മിശ്രിതങ്ങൾ, സംസ്‌കരിച്ച പഴങ്ങളും പച്ചക്കറികളും, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങൾ, ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ എന്നിവയാണ് ഉൾപ്പെടുക. മികച്ച ഗുണനിലവാരവും ആകർഷകമായ പായ്ക്കിംഗും ഉൾപ്പെടെയാണ് ഉത്പന്നങ്ങൾ വിപണിയിലെത്തുന്നത്. കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്‌മെന്റ് പ്രോഗ്രാം (കെ-ടാപ്) പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. രാജ്യത്തും വിദേശത്തുമടക്കം ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ നെടുമ്പാശ്ശേരി ഫ്ളോറ കൺവൻഷൻ സെന്ററിൽ രാവിലെ 10ന് മന്ത്രി എം.ബി. രാജേഷ് ഉത്പന്നങ്ങളുടെ വിപണനോദ്‌ഘാടനം നിർവഹിക്കും. ഇതോടൊപ്പം കെ-ടാപ് പദ്ധതിയുടെ രണ്ടാം ഘട്ട പ്രഖ്യാപനവും കൂടാതെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി നടപ്പാകുന്ന സ്റ്റാർട്ടപ് ശൃംഖല "യുക്തി', തദ്ദേശീയ മേഖലയിലെ സംരംഭകർക്കായി നടപ്പാക്കുന്ന "ട്രൈബാൻഡ്', കുടുംബശ്രീ ഉത്‌പന്നങ്ങൾ ഉൾപ്പെടുന്ന പ്രത്യേക ഗിഫ്റ്റ് ബോക്സ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.