നടി കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും

Friday 16 January 2026 1:55 AM IST

കൊച്ചി:നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ രണ്ടു പേർക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും.എറണാകുളം ജില്ലാ ജുഡീഷ്യറിയിലെ ജീവനക്കാരൻ മഹേഷ് മോഹൻ,​ശിരസ്തദാർ തസ്തികയിൽ വിരമിച്ച താജുദ്ദീൻ എന്നിവർക്കെതിരെയാണ് തെളിവെടുപ്പ് തുടരുന്നത്.നടി കേസ് മുമ്പ് പരിഗണിച്ചിരുന്ന സെഷൻസ് ജഡ്ജിയുടെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു മഹേഷ്. സി.ബി.ഐ കോടതിയിലെ മുൻ ശിരസ്തദാറാണ് താജുദ്ദീൻ.

മെമ്മറി കാർഡ് വിഷയത്തിൽ വിചാരണക്കോടതി ജഡ്ജി ഹണി എം.വർഗീസ് അന്വേഷണം നടത്തി റിപ്പോർട്ട് സമ‌ർപ്പിച്ചിരുന്നു.ഹൈക്കോടതി നിർദ്ദേശപ്രകാരമാണിത്.തുടർന്ന് ജില്ലാ ജുഡീഷ്യറി നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ ആരോപണവിധേയരുടെ വിശദീകരണം തേടുന്ന നടപടികളാണ് തുടരുന്നത്.നിലവിൽ അന്വേഷണച്ചുമതല വഹിക്കുന്ന ജില്ലാ ജഡ്ജി വി.പി.എം.സുരേഷ് ബാബു ഇന്ന് വീണ്ടും ഇവരുടെ ഭാഗം കേൾക്കും.

ഫോറൻസിക് ലാബിലെ പരിശോധനയിലാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതായി വ്യക്തമായത്. 2018 ഡിസംബർ 13, 2019 ജനുവരി 9, 2021 ജൂലായ് 19 തീയതികളിൽ മെമ്മറി കാർഡ് തുറന്നിട്ടുണ്ട്.എന്നാൽ ദൃശ്യങ്ങളിൽ വ്യതിയാനമുണ്ടായിട്ടില്ലെന്ന് വിചാരണക്കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.മഹേഷ് മോഹൻ പരിശോധനയ്‌ക്കായി മെമ്മറി കാർഡ് വീട്ടിൽ കൊണ്ടുപോയെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു.ജഡ്ജിയുടെ അനുമതിയോടെയാണിതെന്നും തെറ്റില്ലെന്നുമാണ് റിപ്പോർട്ടിലെ വിശദീകരണം.താജുദ്ദീൻ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ കണ്ടത്.ഈ ഫോൺ ട്രെയിൻ യാത്രയ്‌ക്കിടെ നഷ്ടപ്പെട്ടെന്നാണ് മൊഴി.അതേസമയം മെമ്മറി കാർഡ് പരിശോധിച്ചതായി കണ്ടെത്തിയ അങ്കമാലി മുൻ മജിസ്ട്രേറ്റ് ലീന റഷീദിന് കേസ് നടപടികളുടെ ഭാഗമായി പരിശോധിച്ചതാണെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ നോട്ടീസ് നൽകിയിട്ടില്ല.

പിരിച്ചുവിടൽ വരെ ലഭിക്കാം

ശിരസ്തദാ‌ർക്ക് താഴെയുള്ള ജീവനക്കാർക്കെതിരെ ജില്ലാ ജുഡിഷ്യറിയും അതിന് മുകളിലുള്ളവർക്കെതിരെ ഹൈക്കോടതിയുമാണ് അച്ചടക്കനടപടി ശുപാർശ ചെയ്യുക. അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. കുറ്റം തെളിഞ്ഞാൽ സർവീസിലുള്ളവർക്ക് ഇൻക്രിമെന്റ് തടയുന്നത് മുതൽ പിരിച്ചുവിടൽ വരെയുള്ള ശിക്ഷ ലഭിക്കാം. താജുദ്ദീന്റെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്.