ഉത്തരപ്പള്ളിയാർ വീണ്ടെടുക്കാൻ നീക്കം ; ഡിജിറ്റൽ സർവേ പൂർത്തിയായി, നടപടികൾക്ക് ശരവേഗത

Friday 16 January 2026 1:56 AM IST
ഉത്തരപള്ളിയാർ

ചെങ്ങന്നൂർ: കഴിഞ്ഞ നാല് പതിറ്റാണ്ടായി നാമമാത്രമായി മാറിയ ഉത്തരപള്ളിയാറിനെ വീണ്ടെടുക്കാനുള്ള നടപടികൾക്ക് വേഗതയേറുന്നു. നദിയുടെ പുനരുജ്ജീവനത്തിനായി രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തിൽ എണ്ണയ്ക്കാട്, പുലിയൂർ വില്ലേജുകളിൽ ജി.പി.എസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സാറ്റലൈറ്റ് സർവേ വിജയകരമായി പൂർത്തിയായി. ഇറിഗേഷൻ, റവന്യൂ, സർവേ, പരിസ്ഥിതി, ഭൂവിഭവം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധന. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് നദി വീണ്ടെടുക്കുന്നതിനായി വിദഗ്ദ്ധ സമിതി രൂപീകരിച്ചത്. ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർപേഴ്സണായുള്ള 17 അംഗ സമിതി കഴിഞ്ഞ ഓഗസ്റ്റിലാണ് നിലവിൽ വന്നത്. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസസിലെ മുൻ ശാസ്ത്രജ്ഞൻ ഡോ.ഡി.പത്മലാൽ, സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ ഡോ.ടി.എം. ശരണ്യ എന്നിവരടക്കം പ്രമുഖർ സമിതിയിൽ അംഗങ്ങളാണ്. ആലാ റൂറൽ ഡെവലപ്‌മെന്റ് ആൻഡ് കൾച്ചറൽ സൊസൈറ്റി സമർപ്പിച്ച ഹർജിയാണ് നദി പുനരുജ്ജീവന നടപടികൾക്ക് നിർണായകമായ ഉത്തേജനം നൽകിയത്.

ഉദ്യോഗസ്ഥരെ അമ്പരമ്പിച്ച കൈയേറ്റങ്ങൾ

വെൺമണി മുതൽ ബുധനൂർ വരെ ഒരുകാലത്ത് 18 കിലോമീറ്റർ നീളമുണ്ടായിരുന്ന ഉത്തരപള്ളിയാർ ഇന്ന് പല ഭാഗങ്ങളിലും ഓർമ മാത്രമായി മാറിയിരിക്കുകയാണ്. റവന്യൂ വകുപ്പ് നടത്തിയ പരിശോധനയിൽ നദിയുമായി ബന്ധപ്പെട്ട 145 കൈയേറ്റങ്ങളാണ് കണ്ടെത്തിയത്. ചിലയിടങ്ങളിൽ ഇരുനില കെട്ടിടങ്ങൾ വരെ ഉയർന്നുകഴിഞ്ഞതായും കണ്ടെത്തി. കുളിയ്ക്കാംപാലം മുതൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ നദി പൂർണമായും അപ്രത്യക്ഷമായ അവസ്ഥയിലാണുള്ളത്. രാജഭരണകാലത്തെ രേഖകളിൽ പോലും ചില ഭാഗങ്ങളിൽ ആറിന്റെ വ്യക്തമായ അടയാളങ്ങൾ കാണാനാകുന്നില്ലെന്നത് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. ഒഴുക്ക് നിലച്ചതോടെ നദി മലിനീകരണത്തിന്റെ പിടിയിലായി. മാലിന്യക്കൂമ്പാരമായി മാറിയ നദി പ്രദേശത്തെ കുടിവെള്ള സ്രോതസുകളെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

കോളിഫോം ബാക്ടീരിയ,​ കർശന നിർദേശം നൽകി അധികൃതർ

സമീപ കിണറുകളിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് അപകടകരമായി വർദ്ധിച്ചതായി മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തി. 100 മില്ലി വെള്ളത്തിൽ 4200 കോളിഫോം ബാക്ടീരിയയും 2800 ഫീക്കൽ കോളിഫോമും കണ്ടെത്തിയ സാഹചര്യത്തിൽ, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതർ പ്രദേശവാസികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

...................................

നൂറുകണക്കിന് പാടശേഖരങ്ങളുടെ ജലസ്രോതസും നിരവധി ക്ഷേത്രങ്ങളുടെ ആറാട്ടുകടവുമായ ഉത്തരപള്ളിയാറിനെ വീണ്ടെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നിലവിൽ കണ്ടെത്തിയ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും, നിയമപരമായി സ്ഥലം കൈവശം വെച്ചിരിക്കുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.

വി. എസ്. ഗോപാലകൃഷ്ണൻ

(ആലാ റൂറൽ ഡെവലപ്‌മെന്റ് ആൻഡ്

കൾച്ചറൽ സൊസൈറ്റി സെക്രട്ടറി)​

.....................................

ഡിജിറ്റൽ സാറ്റലൈറ്റ് സർവേ പൂർത്തിയായതോടെ, മാസ്റ്റർ പ്ലാൻ തയാറാക്കി എത്രയും വേഗം നദിയുടെ പഴയ പ്രതാപം വീണ്ടെടുക്കണം

(നാട്ടുകാർ)​

  • എണ്ണയ്ക്കാട്, പുലിയൂർ വില്ലേജുകളിൽ സർവേ പൂർത്തിയായി
  • 17 അംഗ സമിതി കഴിഞ്ഞ നിലവിൽ വന്നത് ഓഗസ്റ്റിൽ
  • നദിയുമായി ബന്ധപ്പെട്ട 145 കൈയേറ്റങ്ങൾ
  • ഒഴുക്ക് നിലച്ച് നദി​ മലിനം