അമ്മയും മക്കളും ചേർന്നാൽ ആനന്ദക്കച്ചേരി

Friday 16 January 2026 12:14 AM IST

തൃശൂർ: അപ്പുറത്ത് ടി.വിയിൽ പാട്ടുകേൾക്കുമ്പോൾ സ്വന്തം മുറിയിലിരുന്ന് ഗൗതം മേശയിൽ താളം പിടിക്കും. ഗൗതമിന്റെ തട്ടിലും മുട്ടിലും സംഗീതമുണ്ടെന്ന് കണ്ടത് അച്ഛൻ രാജഗോപാലൻ നായർ. മൃദംഗം പഠിപ്പിച്ചാൽ നന്നായിരിക്കുമെന്ന് അമ്മ അനിതകുമാരി. അമ്മയുടെ നിഗമനം ശരിവച്ച് മൃദംഗത്തിൽ ഗൗതംരാജ് മിന്നിക്കയറി. ഇന്നലെ ഹയർ സെക്കൻഡറി വിഭാഗം മൃദംഗ മത്സരത്തിലും എ ഗ്രേഡ്. സംസ്ഥാന കലോത്സവത്തിൽ തുടർച്ചയായി നാലുവട്ടം എ ഗ്രേഡ് എന്ന നേട്ടവുമായാണ് കൊല്ലം തഴവ മഠത്തിൽ എച്ച്.എസ്.എസിലെ വിദ്യാർത്ഥിയായ ഗൗതംരാജ് ഓച്ചിറ കൈതവനേത്ത് വീട്ടിലേക്ക് മടങ്ങുന്നത്. കൈതവനേത്ത് വീട്ടിൽ വാദ്യകലയിൽ മേളം തീർക്കുന്നവർ മൂന്നാണ്. ഗൗതമിന്റെ അമ്മ അനിതകുമാരി നാഗസ്വര കച്ചേരി അവതരിപ്പിക്കാറുണ്ട്. ഇരട്ട സഹോദരി ഗൗരിരാജ് വയലിനിൽ സ്‌കൂൾ കലോത്സവം ഉൾപ്പെടെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മൂന്നുപേരും മറ്റ് വേദികളിൽ സംഗീത പരിപാടി അവതരിപ്പിക്കും. കായംകുളം എം.എസ്.എം സ്‌കൂളിൽ പ്ലസ് വൺ കമ്പ്യൂട്ടർ വിദ്യാർത്ഥിനിയാണ് ഗൗരി. രണ്ടുപേരും ശാസ്ത്രീയ സംഗീതവും പഠിക്കുന്നു. അനിതകുമാരിയുടെ അച്ഛൻ ശങ്കരൻ പണിക്കർ നാഗസ്വര വിദ്യാനാണ്.