മിമിക്രിയിലെ എ ഗ്രേഡ് കൂട്ട്
തൃശൂർ: വയനാട് കണിയാമ്പറ്റ ഗവ. മോഡൽ റെസിഡന്റ്സ് സ്കൂളിന് മിമിക്രിയിൽ ഇരട്ട നേട്ടം സമ്മാനിച്ച് സുഹൃത്തുക്കൾ. ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ മിമിക്രി മത്സരത്തിൽ മേഘ ബാബുവും ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മിമിക്രി മത്സരത്തിൽ അഞ്ജലിയുമാണ് എ ഗ്രേഡ് നേടി ജില്ലയ്ക്കും സ്കൂളിനും അഭിമാനമായി മാറിയത്. തുടർച്ചയായി മൂന്നാം തവണയാണ് അഞ്ജലി സംസ്ഥാനതലത്തിൽ എഗ്രേഡ് സ്വന്തമാക്കുന്നത്. മേഘയുടെ കന്നിയങ്കമാണിത്. ചൂരൽമല ഉരുൾപൊട്ടൽ, അഹമ്മദാബാദ് വിമാന ദുരന്തം, പഹൽഗാമിലെ ഭീകരാക്രമണം തുടങ്ങി സമകാലികമായ വിഷയങ്ങളെ മിമിക്രിയിലൂടെ അവതരിപ്പിക്കുകയായിരുന്നു അഞ്ജലി. ബീറ്റ് ബോക്സ് ,ഇൻട്രോ മ്യൂസിക് തുടങ്ങിയവയാണ് മേഘ അവതരിപ്പിച്ചത്. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന ഇരുവരും പരിശീലനത്തിൽ പരസ്പരം സഹായിക്കാറുമുണ്ട്. രണ്ടര മാസത്തെ പരിശീലനം മാത്രമാണ് മേഘയ്ക്ക് ലഭിച്ചത്. മിമിക്രി കലാകാരനായ റിനീഷ് കണ്ണൂരാണ് അനുകരണകലയിൽ ഇരുവരുടെയും ഗുരു. പനവല്ലി കാട്ടിക്കുളം സ്വദേശിനിയായ അഞ്ജലി ബഡുഗ സമുദായത്തിൽ നിന്നും വൈത്തിരി സ്വദേശിനിയായ മേഘ തച്ചി നാടൻ മൂപ്പൻ വിഭാഗത്തിൽ നിന്നുമാണ് എത്തിയത്. കാടിനുള്ളിലാണ് ഇരുവരുടെയും കുടുംബം താമസിക്കുന്നത്. പരേതനായ സുരേഷിന്റെയും ജാനുവിന്റെയും മകളാണ് അഞ്ജലി.കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. ബാബു ഹെൻട്രിയുടെയും സന്ധ്യാ ബാബുവിന്റെയും മകളാണ് മേഘാ ബാബു.