ആശുപത്രിയിൽ അച്ഛന് കൂട്ടായി അനിയത്തി :വേദിയിൽ കണ്ണീരിൻ ഈരടി കൂട്ട്
തൃശൂർ: അനാമികയുടെ ശബ്ദത്തിൽ നിറഞ്ഞത് വീട്ടുജോലിക്ക് പോയി കുടുംബം പുലർത്തുന്ന അമ്മയുടെ ത്യാഗവും, ആശുപത്രിയിൽ കിടക്കുന്ന അച്ഛന്റെ പ്രാർത്ഥനയും. സ്‌കൂൾ കലോത്സവം ലളിതഗാന മത്സരത്തിൽ പത്തനംതിട്ട പന്നിവിഴ സെന്റ് തോമസ് വി.എച്ച്.എസ്.ഇ വിദ്യാർത്ഥിനി പി.അനാമികയുടെ എ ഗ്രേഡ് വിജയത്തിന്റെ പിന്നിലുള്ളത് ഒരു കുടുംബത്തിന്റെ കണ്ണീരു കലർന്ന യാത്ര. 1993ൽ തൃശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ പുനലൂർ ചെമ്മന്നൂർ സ്‌കൂളിലെ പത്താം ക്ലാസുകാരി കെ.സി.മിനി ഗാനമേള വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയിരുന്നു. 32 വർഷങ്ങൾക്ക് മുമ്പുള്ള അമ്മ മിനിയുടെ ആ കലാജീവിതത്തിന്റെ താളം പിന്നീട് പിഴച്ചു. ഭർത്താവ് പുഷ്പരാജൻ 16 വർഷം മുമ്പ് സ്‌ട്രോക്ക് വന്ന് ഒരുവശം തളർന്നു. അനാമികയ്ക്ക് അപ്പോൾ ഒരു വയസ്. ഓർമ്മകൾ നിറഞ്ഞ തൃശൂരിലേക്ക് വീണ്ടും വന്നപ്പോഴും നിറയെ സങ്കടം. പുറപ്പെടുന്നതിന് തൊട്ടുമുമ്പ് പുഷ്പരാജിന് അസുഖം കൂടി ആശുപത്രിയിലായി. ഒമ്പതാം ക്ലാസുകാരി ഇളയമകൾ നിങ്ങൾ പോയി വരൂ ഞാൻ നോക്കാമെന്ന ധൈര്യം പകർന്നു. അസുഖം ചെറുതായി ഭേമായിത്തുടങ്ങിയ ഘട്ടത്തിൽ ഒരു ചായക്കട തുടങ്ങിയിരുന്നു. കൊവിഡിൽ അടച്ച കട ആഴ്ചകൾക്ക് മുമ്പ് വീണ്ടും തുറന്നപ്പോഴാണ് അസുഖം വില്ലനായത്. വേദിയിൽ കയറും മുമ്പ്, അനാമികയ്ക്ക് വീഡിയോ കോളിലൂടെ മകൾക്ക് ആശീർവാദം നൽകി. നഴ്‌സാകണം. രോഗികളെ ശുശ്രൂഷിക്കണം അതാണ് ആഗ്രഹം. രോഗിയായ അച്ഛനെ പരിചരിച്ച് മനസിൽ വേരുറച്ച സ്വപ്നം.