ആനയേക്കാൾ വിലയുണ്ട് ആനന്ദത്തിന്റെ ഈ വിന്റേജ് കാറിന്

Friday 16 January 2026 12:19 AM IST

തൃശൂര്‍: ആനയ്ക്കൊപ്പം ഫോട്ടോയെടുക്കാനായിരുന്നു പിള്ളേരുടെ ആഗ്രഹം. പക്ഷേ, കണ്ണിൽപ്പെട്ടത് ആനയേക്കാൾ വിലപിടിച്ചൊരു വിന്റേജ് കാർ. പലനാട്ടിൽ നിന്നെത്തി പൂരനഗരയിൽ പൂത്തസൗഹൃദത്തിന് ചെമ്പൂക്കാവിലെ വ്യവസായി ബേബി കുന്നത്തിന്റെ വീട്ടുമുറ്റത്തെ 'ഫിയറ്റ് 508 ബെല്ലീല' സന്തോഷത്തിന്റെ പൂമരത്തണലായി.

മത്സരരിക്കാനെത്തിയതാണ് തൃശൂരൂിൽ നിന്നുള്ള ശ്രിയ ശരതും ആലപ്പുഴയിൽ നിന്നുള്ള എസ്. വരദയും കൊല്ലംകാരി അക്ഷധ അരുണും, ഇടുക്കിയിൽ നിന്നുള്ള ദിയ ബിജുവും കലോത്സവ നഗരയിൽവച്ച് കൂട്ടായവരാണ്. മേക്കപ്പിട്ട് മത്സരം കഴിഞ്ഞപ്പോൾ ഒരുമിച്ചൊരു ഫോട്ടോയെടുക്കണം. അതും ആനയ്ക്കൊപ്പം. പക്ഷേ, ആനയേക്കാൾ പകിട്ടുള്ളൊരു കാറിനെപ്പറ്റി കേട്ടപ്പോൾ കയറാനും തൊട്ടറിയാനും മനംതുടിച്ചു.

1935 മോഡലാണ് ഇറ്റാലിയന്‍ നിർമിത കാർ. ആനയെക്കണ്ടില്ലെങ്കിലും തലമുറകള്‍ താണ്ടിയ ചരിത്രവാഹനത്തോടൊപ്പം ഫോട്ടോ കിട്ടിയ സന്തോഷം കുട്ടികളുടെ ഉള്ളംനിറച്ചു. 78കാരൻ ബേബി കുന്നത്ത്, തൃശൂരിലെ അറിയപ്പെടുന്ന പ്രിന്റിംഗ് ആന്റ് റൈറ്റിംഗ് പേപ്പര്‍ ബിസിനസുകാരനാണ്. കാര്‍ അദ്ദേഹത്തിന്റെ വീട്ടിലെ അംഗവും. 1980-ലാണ് ഈ കാര്‍ ബേബിയുടെ കൈയിലെത്തുന്നത്. സ്റ്റാർട്ട് ആവാത്ത കാറിന് ജീവന്‍ കൊടുത്തു. ഭാര്യ തങ്കത്തിന്റെ യാത്രകളിൽ പതിവ് കൂട്ടുകാരൻ. തങ്കത്തിന്റെ മക്കളും കൊച്ചു മക്കളും ഈ കാറില്‍ യാത്ര ചെയ്തു. ഇന്ന് കാര്‍ നിരത്തിലിറക്കാറില്ലെങ്കിലും, ഓര്‍മ്മകളുടെ ഗാരേജില്‍ നിറക്കൂട്ടണിഞ്ഞ് കിടക്കുന്നു. 1932 മുതല്‍ 1937 വരെ ഫിയറ്റ് നിര്‍മ്മിച്ച കോംപാക്റ്റ് കാറായിരുന്നു ഫിയറ്റ് 508 ബല്ലീല. നാല് സീറ്റുകളും, നാല് സ്പീഡ് ട്രാന്‍സ്മിഷനും . മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത. 1932 ഏപ്രില്‍ 12-ന് മിലാനിലെ ഫിയേര മിലാനോ മോട്ടോര്‍ ഷോയിലാണ് ലോകത്തിന് മുന്നില്‍ അനാച്ഛാദനം ചെയ്തത്.