കള്ളപ്പണം: ഇ.ഡി കേസിൽ കെ. ബാബുവിന് സമൻസ്

Friday 16 January 2026 3:19 AM IST

കൊച്ചി: മുൻ മന്ത്രിയും തൃപ്പൂണിത്തുറ എം.എൽ.എയുമായ കെ. ബാബുവിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഉടൻ വിചാരണ തുടങ്ങും. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രം സ്വീകരിച്ച കോടതി, തുടർനടപടികളുടെ ഭാഗമായി ബാബുവിന് സമൻസയച്ചു. ഇന്നലെ രാവിലെ ഹാജരാകാനാണ് നിർദ്ദേശിച്ചിരുന്നതെങ്കിലും എം.എൽ.എ എത്തിയില്ല. പകരം അഭിഭാഷകൻ ഹാജരായി.

കോൺഗ്രസ് നേതാവു കൂടിയായ കെ. ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി 2024ൽ കണ്ടുകെട്ടിയിരുന്നു.

അനധികൃത സ്വത്തു സമ്പാദനക്കേസിൽ വിജിലൻസ് കേസെടുത്തതിന് പിന്നാലെയാണ് കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡിയും അന്വേഷണം തുടങ്ങിയത്. കെ. ബാബുവിനെ ഇ.ഡി ചോദ്യം ചെയ്‌തിരുന്നു.

2007 മുതൽ 2016 വരെയുള്ള കാലയളവിൽ കെ. ബാബു വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഈ പണം കൊണ്ട് സ്ഥാവര, ജംഗമ വസ്തുക്കൾ വാങ്ങിയെന്നാണ് ഇ.ഡിയുടെ കേസ്. വിജിലൻസ് കേസിൽ ബാബു വിചാരണ നേരിടണമെന്ന് വിജിലൻസ് കോടതിയും ഉത്തരവിട്ടിരുന്നു. തൃപ്പൂണിത്തുറയിൽ കെ. ബാബു വീണ്ടും മത്സരിക്കുമോ എന്നതിൽ സസ്പെൻസ് തുടരുന്നതിനിടെയാണ് ഇ‌.‌ഡി കേസിലെ സമൻസ്.