അഞ്ചാം വയസിൽ കാഴ്ച പോയി: 17 വർഷം കഴിഞ്ഞ് നഷ്ട പരിഹാരം 10 ലക്ഷം
തിരുവനന്തപുരം : അഞ്ചാം വയസ്സിൽ കളിക്കിടെ കണ്ണിന് പരിക്കേറ്റു. ചികിത്സാപ്പിഴവിനെത്തുടർന്ന് കാഴ്ച നഷ്ടമായ പെൺകുട്ടിക്ക് 17 വർഷങ്ങൾക്ക് ശേഷം നീതി. വലതു കണ്ണ് നഷ്ടപ്പെട്ട വയനാട് മുട്ടിൽ സ്വദേശിനിക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് ബി. സുധീന്ദ്ര കുമാർ പ്രസിഡന്റായ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. വയനാട് ജില്ലാ കമ്മിഷൻ നേരത്തെ വിധിച്ച അഞ്ച് ലക്ഷം രൂപയാണ് ഇരട്ടിയാക്കി വർദ്ധിപ്പിച്ചത്. 2008 ഫെബ്രുവരി 14-നാണ് വീട്ടിൽ കളിക്കുന്നതിനിടെ പെൺകുട്ടിയുടെ വലതു കണ്ണിൽ കത്രിക തട്ടി പരിക്കേറ്റത്. ഉടൻ കരിയമ്പാടിയിലെ സ്വകാര്യ നേത്രാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേ ദിവസം ശസ്ത്രക്രി. ഫെബ്രുവരി 17-ന് ഡിസ്ചാർജ് ചെയ്തെങ്കിലും കണ്ണിന്റെ നില വഷളായി. കോയമ്പത്തൂരിലെ അരവിന്ദ് കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അണുബാധയെത്തുടർന്ന് വലതു കണ്ണ് നീക്കം ചെയ്തു. ആശുപത്രിയുടെ അശ്രദ്ധയാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു.മാതാപിതാക്കളുടെ നിർബന്ധ പ്രകാരമാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്തതെന്നായിരുന്നു ആശുപത്രിയുടെ വാദം. എന്നാൽ ഡിസ്ചാർജ് സമ്മറിയിൽ അത്തരമൊരു പരാമർശമില്ലെന്നും, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണവും നിരീക്ഷണവും കുട്ടിക്ക് നൽകുന്നതിൽ ആശുപത്രി പരാജയപ്പെട്ടെന്നും കമ്മിഷൻ നിരീക്ഷിച്ചു. അണുബാധയ്ക്ക് കാരണം കൃത്യസമയത്ത് ചികിത്സ നൽകാത്തതാണെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടും നിർണ്ണായകമായി. പരാതി ഫയൽ ചെയ്ത തീയതി മുതൽ 9 ശതമാനം പലിശ സഹിതം
തുകയും. കോടതിച്ചെലവിനായി 20,000 രൂപ അധികമായും നൽകണമെന്നും വിധിയിലുണ്ട്.