അണ്ടർ 19 ലോകകപ്പ് : ഇന്ത്യയ്ക്ക് ജയത്തുടക്കം
Thursday 15 January 2026 11:26 PM IST
ബുലവായോ : അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ അമേരിക്കയെ ആറുവിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. ടോസ് നേടിയ ഇന്ത്യ അമേരിക്കയെ ബാറ്റിംഗിനിറക്കി 35.2 ഓവറിൽ 107 റൺസിന് ആൾഔട്ടാക്കി. ഏഴോവറിൽ ഒരു മെയ്ഡനടക്കം 16 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഹെനിൽ പട്ടേലാണ് അമേരിക്കയെ ചിതറിച്ചത്. ഇന്ത്യ മറുപടി ബാറ്റിംഗ് തുടങ്ങിയപ്പോൾ മഴയും ഇടിമിന്നലും കാരണം വിജയലക്ഷ്യം 37 ഓവറിൽ 96 റൺസായി പുനർ നിശ്ചയിക്കപ്പെട്ടു. സൂപ്പർ താരം വൈഭവ് സൂര്യവംശി രണ്ട് റൺസെടുത്ത് മടങ്ങിയെങ്കിലും 17.2 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു. അഭിഗ്യാൻ കുണ്ഡു 42 റൺസുമായി പുറത്താകാതെ നിന്നു.
നാളെ ബംഗ്ളാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.