ബംഗ്ളാ ക്രിക്കറ്റ് ബോർഡും കളിക്കാരും തമ്മിലടി

Thursday 15 January 2026 11:33 PM IST

ബംഗ്ളാ പ്രിമിയർ ലീഗ് മത്സരങ്ങൾ മാറ്റിവച്ചു

ഢാക്ക : ലോകകപ്പി​ന് ഇന്ത്യയി​ലേക്ക് പോകണമെന്ന് അഭി​പ്രായപ്പെട്ട മുൻ നായകൻ തമിം ഇഖ്ബാൽ അടക്കമുള്ള കളി​ക്കാരെക്കുറി​ച്ച് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ നജ്മുൽ ഇസ്ളാം മോശം പരാമർശങ്ങൾ നടത്തിയതിനെതിരെ പ്ളേയേഴ്സ് വെൽഫെയർ അസോസിയേഷൻ ശക്തമായി രംഗത്തുവന്നതോടെ ബംഗ്ളാദേശ് ക്രിക്കറ്റിൽ പുതിയ പ്രതിസന്ധി. കളിക്കാരുടെ സംഘടിതമായ പിന്മാറ്റത്തെത്തുടർന്ന് ഇന്നലെ തുടങ്ങേണ്ടിയിരുന്ന ബംഗ്ളാ പ്രിമിയർ ലീഗിലെ രണ്ട് മത്സരങ്ങളും മാറ്റിവയ്ക്കേണ്ടിവന്നു. മാച്ച് റഫറി​ മാത്രമാണ് ഗ്രൗണ്ടി​ലെത്തി​യത്. ഇതേത്തുടർന്ന് നജ്മുൽ ഇസ്ളാമിനെ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും കളി​ക്കാരുടെ രോഷം അണഞ്ഞിട്ടില്ല. മുസ്താഫിസുർ റഹ്മാൻ വിഷയത്തിൽ ഇന്ത്യയിലേക്ക് ലോകകപ്പിന് വരില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴാണ് ബംഗ്ളാബോർഡിൽ അടുത്ത പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.

ബംഗ്ളാദേശി കളിക്കാർക്ക് രാജ്യത്തിനോട് കൂറില്ലെന്നും ബോർഡ് അവർക്കായി ചെലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായ പ്രകടനം രാജ്യത്തിനായി പുറത്തെടുക്കാറില്ലെന്നുമാണ് നജ്മുൽ ഇസ്ളാം പറഞ്ഞത്. ഇന്ത്യയുമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ശരിയല്ലെന്നും ലോകകപ്പിൽ കളിക്കാൻ ഇന്ത്യയിലേക്ക് പോകണമെന്നും ആവശ്യപ്പെട്ട തമിം ഇഖ്ബാലിനെ ഇന്ത്യൻ ഏജന്റെന്നും നജ്മുൽ ഇസ്ളാം ആക്ഷേപി​ച്ചി​രുന്നു. പിന്നാലെ എല്ലാ കളിക്കാരെയും ആക്ഷേപിച്ചതോടെ കളിക്കാരുടെ സംഘടന ശക്തമായി രംഗത്ത് വരികയായിരുന്നു.

കളിക്കാർ ഇന്ത്യയ്ക്ക് ഒപ്പം

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിനെയും ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെയും വെല്ലുവിളിച്ച് ലോകകപ്പ് വേദിമാറ്റത്തിൽ ഉറച്ചുനിൽക്കുന്ന ബി.സി.ബിക്ക് ആ തീരുമാനങ്ങളിൽ കളിക്കാരുടെ പിന്തുണയില്ലെന്നതാണ് യാഥാർത്ഥ്യം. ബി.സി.സി.സിയുമായുള്ള ഉടക്കിന്റെ പേരിൽ പല ഇന്ത്യൻ കമ്പനികളും ബംഗ്ളാ താരങ്ങളുടെ കിറ്റ് സ്പോൺസർഷിപ്പ് ഉൾപ്പടെ പിൻവലിച്ചിരുന്നു. ഇതാണ് താരങ്ങളെ ബോർഡിനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്.