നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് എൻ.ഷംസുദ്ദീൻ V/S പ്രാദേശിക വാദം
മണ്ണാർക്കാട്ടെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ആശയക്കുഴപ്പം രൂക്ഷം
മണ്ണാർക്കാട്: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ മണ്ണാർക്കാട് യു.ഡി.എഫിൽ പ്രത്യേകിച്ച് മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ആശയക്കുഴപ്പം രൂക്ഷമാകുന്നു. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ മേൽകോയ്മ അനുകൂലമായി കാണുന്ന യു.ഡി.എഫിന് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണിത്. ഹാട്രിക് ജയം നേടി എം.എൽ.എ ആയി തുടരുന്ന എൻ.ഷംസുദ്ദീൻ വീണ്ടും മത്സരിക്കാനുള്ള സാദ്ധ്യതകൾ നിലനിൽക്കെ പ്രാദേശികവികാരം ഉയർന്നതാണ് ലീഗ് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഒന്നര പതിറ്റാണ്ടായി മണ്ഡലത്തിന് പുറത്തുള്ളയാൾക്ക് അവസരം നൽകിയതിനാൽ ഇത്തവണ മണ്ണാർക്കാട് മണ്ഡലത്തിൽ നിന്നുമുള്ള ഒരാൾ മത്സരിക്കട്ടെ എന്ന ആവശ്യമാണ് ശക്തമായി ഉയർന്നിട്ടുള്ളത്. മണ്ണാർക്കാട് നഗരസഭ മുൻ ചെയർമാനും ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ സി.മുഹമ്മദ് ബഷീറിന്റെ പേരാണ് ഉയർന്നിട്ടുള്ളത്. നഗരസഭ ചെയർമാൻ എന്ന നിലയിൽ സി.മുഹമ്മദ് ബഷീർ മണ്ണാർക്കാട് ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിരുന്നു.
അതേസമയം എം.എൽ.എ എന്ന നിലയിൽ ഷംസുദ്ദീൻ ഒന്നര പതിറ്റാണ്ടിനിടെ മണ്ഡലത്തിൽ ഉണ്ടാക്കിയ വേരോട്ടവും ചെറുതല്ല. പ്രാദേശിക നേതാക്കൾക്കിടയിലെ തർക്കം മൂലമാണ് സമവായ സ്ഥാനാർത്ഥി എന്ന നിലയിൽ തിരൂർ സ്വദേശിയായ അഡ്വ. എൻ.ഷംസുദ്ദീൻ 15 വർഷം മുമ്പ് മണ്ണാർക്കാട്ടേക്കെത്തുന്നത്. എൽ.ഡി.എഫിന്റെ കയ്യിലായിരുന്ന മണ്ഡലം നല്ല ഭൂരിപക്ഷത്തോടെ ഷംസുദ്ദീൻ തിരിച്ചു പിടിക്കുകയും ചെയ്തു. പ്രാദേശിക നേതാക്കൾ തമ്മിലുള്ള ഭിന്നത പിന്നീടുള്ള രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും തുടർന്നതോടെ ഹാട്രിക് വിജയവുമായി ഷംസുദ്ദീൻ മണ്ണാർക്കാട് തുടരുകയായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ തവണ മണ്ണാർക്കാട് നഗരസഭ ചെയർമാനായ മുഹമ്മദ് ബഷീർ തന്റെ നേതൃത്വപാടവും ജനകീയ ഇടപെടലുകളുമായി ഏറെ ശ്രദ്ധേയനായി. വികസന തുടർച്ച എന്ന മുദ്രാവാക്യവുമായി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന് ഇറങ്ങിയ യു.ഡി.എഫ് സീറ്റ് നില കൂട്ടി നഗരസഭ ഭരണം നിലനിറുത്തിയതും മുഹമ്മദ് ബഷീറിന്റെ സ്വീകാര്യത വർധിപ്പിച്ചു. പ്രാദേശികവികാരമാണ് നേതൃത്വം മാനിക്കുന്നതെങ്കിൽ സി.മുഹമ്മദ് ബഷീറിന് അവസരമൊരുങ്ങുമെന്നാണ് ഒരുവിഭാഗം പറയുന്നത്. അതേസമയം, യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മണ്ണാർക്കാടിനൊരു മന്ത്രിയുണ്ടാകുമെന്ന വികാരം ഷംസുദീനും അനുകൂലമാണ്. മൂന്നുതവണ ജനപ്രതിനിധിയായവർ മത്സരിക്കേണ്ടതില്ലെന്ന മാനദണ്ഡത്തിൽ നിന്നും ലീഗ് സംസ്ഥാന നേതൃത്വം ഷംസുദീന് ഇളവ് അനുവദിച്ചു എന്ന തരത്തിൽ വാർത്തകൾ വന്നതോടെ അണികൾ ഏറെ ആശയക്കുഴപ്പത്തിലാണ്. ഷംസുദീന് മലപ്പുറത്തെ ഏതെങ്കിലും സുരക്ഷിത മണ്ഡലം നൽകുകയും മണ്ണാർക്കാട് സി.മുഹമ്മദ് ബഷീറിനെ മത്സരിപ്പിക്കുകയും ചെയ്യുക എന്ന ഒരു സമവായ സാദ്ധ്യതയാണ് ലീഗ് പരിഗണിക്കുന്നത് എന്ന വിവരവുമുണ്ട്. എന്നാൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലീഗിനും യു.ഡി.എഫിനും ജീവൻ മരണ പോരാട്ടമായതിനാൽ ഒരു പരീക്ഷണം വേണ്ടെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയാൽ വീണ്ടും മണ്ണാർക്കാട് ഷംസുദ്ദീന് തന്നെ നറുക്ക് വീഴുകയും ചെയ്യും.