നന്ദനം സിനിമയിലെ ബാലാമണി സംഘനൃത്തത്തിൽ; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി

Friday 16 January 2026 12:51 AM IST

തൃശൂർ: ഞാനേ കണ്ടുള്ളൂ... ഞാൻ മാത്രേ കണ്ടുള്ളൂ.. ദേ, നന്ദനത്തിലെ ബാലാമണി! നന്ദനം സിനിമയിലെ ക്ലൈമാക്സ് സീൻ ഒന്നു മിന്നി മറഞ്ഞു. ഹൈസ്കൂൾ വിഭാഗം സംഘനൃത്തം കണ്ട ആസ്വാദകരുടെ കരഘോഷവും മുഴങ്ങി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവനന്തപുരം കാർമ്മൽ സ്കൂളിലെ കുട്ടികൾ നന്ദനം സിനിമയും, ശ്രീകൃഷ്ണലീലയുമൊക്കെ ചേർത്തൊരുക്കിയ സംഘനൃത്തം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ് ഇപ്പോൾ. സംഘനൃത്തത്തിനിടയിൽ നർത്തകി വേദിയിൽ സൈക്കിൾ ചവിട്ടി കറക്കിയ സീൻ പൊളിയാണെന്നാണ് നൃത്തം കണ്ടെവരെല്ലാം പറയുന്നു. തൃശൂരുകാർക്ക് തോന്നാത്ത ഐഡിയയാണ് തിരുവനന്തപുരത്തുകാർ തൃശൂ‌‌ർ വന്ന് ആടിതക‌ർത്തതെന്നാണ് ഇവിടത്തെ ഗെഡ്യേളു പറയുന്നത്. വേഷവിധാനങ്ങളിൽ തുടങ്ങി അവതരണത്തിലടക്കം പുതുമ നിറച്ചാണ് സംഘം നൃത്തം അവതരിപ്പിച്ചത്. ചടുലമായ നൃത്തച്ചുവടുകൾക്ക് ഗുരുവായൂർ ക്ഷേത്ര മാതൃക ഉൾപ്പെടെ പശ്ചാത്തലമായി. ശ്രേയ ആർ. നായരാണ് ബാലാമണിയായത്. ദേവിക.ജി.എസ്,ശ്രേയ ആർ.നായർ,അവന്തിക,അനന്യ,അളകനന്ദ,കാർത്തിക ഷിന്റോ,നിരഞ്ജന.പി.ആർ എന്നിവരാണ് ന‌‌ർത്തകർ. ജോമറ്റ് അറയ്ക്കലാണ് കോറിയോഗ്രഫി.